ടോക്കിയോ: അമേരിക്കയുമൊത്തുളള സംയുക്ത അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഓസ്‌പ്രേയുടെ സൈനിക വിമാനങ്ങളെ സർവീസിൽ നിന്ന് മാറ്റി ജപ്പാൻ. കഴിഞ്ഞ ഞായറാഴ്ച നടന്ന കീൻ വാൾ സംയുക്ത ഓപ്പറേഷനിൽ അമേരിക്കൻ സർവീസ് അംഗങ്ങളുൾപ്പടെ 16 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ ഓസ്‌പ്രേയുടെ ഇടത് ചിറകിന്റെ വശത്തേക്ക് ചരിഞ്ഞ് നിലത്തിടിച്ച് വിമാനം താഴെയ്ക്ക് പതിക്കുകയായിരുന്നുവെന്ന് ജപ്പാനിലെ ഗ്രൗഡ് സെൽഫ് ഡിഫൻസ് ഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിലും ജപ്പാൻ തീരത്ത് വച്ച് ഓസ്‌പ്രേയുടെ വിമാനം ഓപ്പറേഷനിടെ തകർന്നുവീണിരുന്നു. അതിനുശേഷം ഉണ്ടായ പ്രധാന അപകടമാണിത്. അന്നത്തെ അപകടത്തിൽ എട്ട് പേരാണ് മരിച്ചത്. ഇതിനുശേഷം ജപ്പാൻ ഓസ്‌പ്രേയുടെ വിമാനങ്ങളെ അഭ്യാസ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത് കുറച്ചിരുന്നു. ഈ വർഷം ആദ്യത്തിൽ ഓസ്‌പ്രേ വിമാനങ്ങൾ ഉപയോഗിച്ചുളള ഓപ്പറേഷനുകൾ ചെറിയ രീതിയിൽ ആരംഭിച്ചെങ്കിലും വിവാദങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് വിമാന സർവീസ് ഒക്കിനാവയിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കകളും ഉയർന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്നും 12ലധികം ഓസ്‌പ്രേ വിമാനങ്ങളെ സർവീസുകളിൽ നിന്ന് മാറ്റിയതായും പ്രതിരോധ വകുപ്പ് മന്ത്രി ജനറൽ നകതാനി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനങ്ങൾക്ക് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ ഓസ്പ്രേയുടെ വി 22 ജോയിന്റ് പ്രോഗ്രാം ഓഫീസ് പൂർണമായി സഹകരിക്കുമെന്ന് വക്താവ് നിൽ ലോബഡ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിമാനങ്ങൾ ഉപയോഗിക്കുന്നത്
ദീർഘദൂരം പറക്കാൻ കഴിയുന്ന സൈനിക വിമാനമാണ് ഓസ്‌പ്രേ. ഹെലികോപ്റ്റർ പോലെ പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിവുള്ള ഇവയെ സൈനികരെ കൊണ്ടുപോകാനും സൈനിക ചരക്ക് കൈമാറ്റത്തിനുമാണ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപകടത്തിനുശേഷം വളരെ ചെറിയ ദൂരങ്ങളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനും സൈനികരെ മാറ്റാനും മാത്രമായി ഓസ്‌പ്രേ വിമാനത്തിന്റെ ഉപയോഗം അമേരിക്ക ചുരുക്കിയിരുന്നു. അമേരിക്കയെ കൂടാതെ ഓസ്പ്രേ വിമാനങ്ങൾ ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് ജപ്പാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |