തിരുവനന്തപുരം: സുരേഷ് ഗോപിയുടെ രോമം തൊടാൻ പിണറായി വിജയൻ സർക്കാരിന് ആയിരം വട്ടം ശ്രമിച്ചാലും സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപിക്ക് എതിരെ നടക്കുന്ന പ്രവർത്തനങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സുരേഷ് ഗോപിക്കെതിരെ കേസെടുക്കനുള്ള നീക്കം സർക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ്. പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാൻ ശ്രമിച്ച ആൾക്കാരെ കാണാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് വിലക്കുണ്ടോ? അവിടേക്ക് പോകാൻ തങ്ങൾക്ക് സാധിച്ചില്ലെന്നാണ് വി.എസ് സുനിൽ കുമാറും ടി.എൻ പ്രതാപനും പറഞ്ഞത്. അവർക്ക് സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. വളരെ പരിഹാസമായ നിലപാടാണ് സർക്കാരിന്റെതെന്നും സുരേന്ദ്രൻ വിമർശിച്ചു.
സന്ദീപ് വാര്യർ എന്നല്ല ആരും ബിജെപിയിൽ നിന്ന് പിണങ്ങിപ്പോകില്ല. തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത് ഒറ്റക്കെട്ടായാണ്. മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല', തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി തൃശൂർ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് സി.പി.എമ്മിന്റെ ആയുധമാണെന്നും,അയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എ.കെ.ജി സെന്ററാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലുമുണ്ടെങ്കിൽ പുറത്തു പറഞ്ഞോളൂവെന്നും, സംഘടനാ തിരഞ്ഞെടുപ്പിൽ തനിക്കത് ഗുണം ചെയ്യുമെന്നും താൻ പറഞ്ഞതായി സതീഷ് വെളിപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.
താൻ പാർട്ടിയിൽ നൂലിൽ കെട്ടി ഇറങ്ങി വന്നയാളല്ല. ഗോഡ് ഫാദർ വളർത്തി വിട്ടതുമല്ല. പറയാനുള്ളത് പാർട്ടിക്കകത്ത് നല്ല തന്റേടത്തോടെ പറഞ്ഞയാളാണ്. സതീഷനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് തനിക്ക് സംസ്ഥാന പ്രസിഡന്റാകാൻ ആരാണ് സതീഷ്?. പ്രസിഡന്റാവാൻ തനിക്ക് എന്താണ് അയോഗ്യത?. ആർ.എസ്.എസ് പ്രവർത്തകനാണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ പോകേണ്ടത് ആർ.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇതുപയോഗിച്ച് തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും ശോഭ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |