കട്ടക്ക്: ജനവാസ മേഖലയിലേക്ക് അതിവേഗം ഓടിയെത്തിയ കൊമ്പന്റെ ശരീരമാസകലം അമ്പേറ്റതിന്റെ പരിക്കുകൾ. ഒഡീഷയിലെ അതാഗഡ് വനംവകുപ്പ് ഡിവിഷന് കീഴിലെ നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിന് സമീപത്താണ് ഗുരുതരമായി പരിക്കേറ്റ കൊമ്പനാന എത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പനെ നാട്ടുകാരാണ് ആദ്യം കണ്ടത്.
നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ റാപിഡ് റസ്‌പോൺസ് സംഘമാണ് (ആർആർടി) ആനയെ പരിശോധിച്ചത്. ആന വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് നിഗമനം. ആനയെ കണ്ടെത്തിയതിന് ഒരു ദിവസം മുമ്പാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് വനംവകുപ്പിന്റെ സംശയം. നാലിലേറെ ഇടത്താണ് ആനയ്‌ക്ക് അമ്പുകൊണ്ട് പരിക്കേറ്റിട്ടുള്ളത്.
വേദനകൊണ്ട് പുളഞ്ഞ ആന ജീവഭയത്തിൽ പായുന്നതിനിടെ അമ്പുകൾ വീണുപോയതാകാം എന്നാണ് ആർആർടി സംഘം പ്രാദേശിക മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മുറിവുകളിൽ മരുന്ന് വച്ചശേഷം നിരീക്ഷണത്തിൽ കഴിയുന്ന ആനയെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് തിരികെ കാട്ടിലേക്ക് അയയ്‌ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ആറ് മാസത്തിനുള്ളിൽ 50 ആനകളെ അസ്വാഭാവികമായി ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒഡീഷ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ - ഒക്‌ടോബർ മാസത്തിനിടയിൽ 56 ആനകളാണ് ഒഡീഷയിൽ ചരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |