കൊച്ചി: ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ തമ്മിലുരസിയത് സുരക്ഷാവീഴ്ചയല്ലെന്ന് കെ.എം.ആർ.എല്ലിന്റെയും കെ.ഡബ്ല്യു.എം.എല്ലിന്റെയും പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കെ.എം.ആർ.എല്ലിന്റെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജനറൽ മാനേജർ തലത്തിലുള്ള അന്വേഷണത്തിന് നാലംഗസംഘത്തെയാണ് നിയോഗിച്ചത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു.
ഫോർട്ടുകൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിംഗിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകൾ കൂട്ടിമുട്ടിയതെന്ന പ്രാഥമിക വിശദീകരണത്തിൽ ഉറച്ചുനിൽക്കുകയാണ് മെട്രോ അധികൃതർ. സുരക്ഷാ അലാറം താനെ മുഴങ്ങിയതല്ല. ബോട്ടുകൾ ഉരസിയെന്ന് മനസിലാക്കിയ യാത്രികരിൽ ആരോ അലാറം ബട്ടൺ അമർത്തിയതാണെന്ന് വാട്ടർ മെട്രോ സി.ഒ.ഒ സാജൻ ജോൺ പറഞ്ഞു.
വാട്ടർമെട്രോ ഉരസലിന് പിന്നാലെ ഇന്നലെ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓൺലൈനായും നേരിട്ടും യോഗം ചേർന്നതായാണ് വിവരം. വാട്ടർ മെട്രോ സി.ഒ.ഒ സാജൻ ജോൺ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി എം.ഡിയോട് കാര്യങ്ങൾ വിശദീകരിച്ചു.
ആവശ്യമെങ്കിൽ സുരക്ഷ വർദ്ധിപ്പിക്കും
സുരക്ഷാവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ വാട്ടർ മെട്രോയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏതെല്ലാം തലങ്ങളിലാണ് സുരക്ഷ വർദ്ധിപ്പിക്കേണ്ടതെന്നും പരിശോധിക്കും. മാസങ്ങൾകൊണ്ട് 30 ലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തിലെത്തിയ വാട്ടർ മെട്രോയെക്കുറിച്ച് അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മെട്രോയിൽ അലാറത്തിലും അന്വേഷണം
കൊച്ചി വാട്ടർ മെട്രോ സ്‌റ്റേഷനിൽ കഴിഞ്ഞദിവസം അലാറം മുഴങ്ങിയ സംഭവത്തിലും കെ.എം.ആർ.എൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. നവംബർ രണ്ടിനാണ് കടവന്ത്ര മെട്രോ സ്‌റ്റേഷനിൽ പരിശോധനകളുടെ ഭാഗമായി ഒരു ജീവനക്കാരന്റെ കൈതട്ടി ഫയർ അലാറം പ്രവർത്തിച്ചത്. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. രണ്ടു മിനിറ്റോളം മുഴങ്ങിയ അലാറം നിന്നതിനു പിന്നാലെ പരിശോധനകളുടെ ഭാഗമാണെന്ന അനൗൺസ്‌മെന്റും വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |