കൊച്ചി: ദീപാവലി വർഷാരംഭമായ സംവത് 2081ന്റെ ആദ്യ സമ്പൂർണ വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ കനത്ത തകർച്ച. ഒരവസരത്തിൽ സെൻസെക്സ് 1,491 പോയിന്റും നിഫ്‌റ്റി 488 പോയിന്റും ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യത്തിൽ നേരിയ തോതിൽ നില മെച്ചപ്പെടുത്തി. സെൻസെക്‌സ് 941.88 പോയിന്റ് നഷ്‌ടവുമായി 78,782.24ൽ അവസാനിച്ചു. നിഫ്‌റ്റി 314 പോയിന്റ് കുറഞ്ഞ് 23,990.30ൽ എത്തി. ഉൗർജ മേഖലയിലെ ഓഹരികളാണ് ഇന്നലെ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. റിയൽറ്റി, അടിസ്ഥാന സൗകര്യ വികസനം, ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികൾ തിരിച്ചടി നേരിട്ടു. ഹീറോ മോട്ടോകാെർപ്പ്, ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ, അദാനി പോർട്ട്‌സ്, ബി.പി.സി.എൽ തുടങ്ങിയവയാണ് പ്രധാനമായും തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം മേഖലകളിലെ ഓഹരികളും കനത്ത വില്‌പ്പന സമ്മർദ്ദത്തിലായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് വിപണിയിൽ തിരിച്ചടി ശക്തമാക്കുന്നത്.
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു
ഇന്നലെ നിക്ഷേപകരുടെ നഷ്‌ടം
6.5 ലക്ഷം കോടി രൂപ
അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല
1. ഇന്ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസ് ജയിച്ചാൽ ഇന്ത്യൻ വിപണിക്ക് ഗുണമാകില്ലെന്ന് വിപണിയുടെ വിലയിരുത്തു
2. ബുധനാഴ്ച തുടങ്ങുന്ന ഫെഡറൽ റിസർവ് യോഗത്തിന് ശേഷം മുഖ്യ പലിശ നിരക്ക് കുറയ്ക്കില്ലെന്ന സംശയങ്ങളും വിപണിക്ക് സമ്മർദ്ദം കൂട്ടുന്നു
3. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ലാഭക്ഷമതയിൽ കുറവുണ്ടായതും വിനയായി
4. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വളർച്ച സാദ്ധ്യത മങ്ങിയതോടെ വിദേശ നിക്ഷേപകർ കഴിഞ്ഞ മാസം ഒരു ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്
കരുതൽ തുടരണം
ആഗോള സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടം വരുംദിവസങ്ങളിൽ ശക്തമാകാനാണ് സാദ്ധ്യത. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലമാണ് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കമല ഹാരിസ് അധികാരത്തിലെത്തിയാൽ നയ സമീപനത്തിൽ വലിയ മാറ്റമുണ്ടാകില്ല. എന്നാൽ ഡൊണാൾഡ് ട്രംപ് ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് പദത്തിലെത്തിയാൽ ആഗോളവൽക്കരണ നയങ്ങളിൽ നിന്ന് അമേരിക്ക പിന്മാറാൻ ഇടയുള്ളതിനാൽ നിക്ഷേപകർ ഏറെ കരുതലോടെയാണ് നീങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |