ന്യൂഡൽഹി: ആഘോഷങ്ങളിൽ ഹരിതചട്ടം ഉറപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്ന് കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.ഹരിതചട്ടങ്ങൾ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. ഡൽഹിയിൽ സ്വച്ഛ് ദിവാലി,ശുഭ് ദിവാലി ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് വലിയ ശ്രമപ്പെട്ട ജോലിയായിരുന്നെന്നും അതിനായി സമൂഹമാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചും എൻഫോഴ്സ്മൻ്റ് സ്ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തകയും ചെയ്തെന്ന്ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് പ്രതികരിച്ചു.
കെ.എസ്.ആർ.ടി.സിക്ക് 24 ഫുഡ് സ്റ്റോപ്പ്
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് നല്ല ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എം.സി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ.
ശുചിമുറി സൗകര്യങ്ങൾ ഹോട്ടലുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകണം. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർക്കിടയിൽ പരാതി ഉണ്ടായാൽ സ്റ്റോപ്പ് പുനഃപരിശോധിക്കും.
വൃത്തിഹീനവും നിരക്ക് കൂടിയതുമായ ഹോട്ടലുകളിൽ ഭക്ഷണത്തിനായി നിറുത്തുന്നതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ഏറെ പഴി കേട്ടിരുന്നു. ജീവനക്കാർക്ക് സൗകര്യപ്രദമായ ഹോട്ടലുകളിൽ നിറുത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ബസ് നിറുത്തുന്ന സ്ഥലത്തെ ഭക്ഷണം കഴിക്കാൻ യാത്രക്കാർ നിർബന്ധിതരായിരുന്നു. ശുചിമുറി ഇല്ലാത്ത ഹോട്ടലുകൾ സ്ത്രീയാത്രികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാൻ മന്ത്രി കെ.ബി ഗണേശ്കുമാറാണ് ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത്.
ആർ. ശങ്കർ അനുസ്മരണം ഏഴിന്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ 52-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ആർ. ശങ്കർ ഫൗണ്ടേഷൻ നടത്തുന്ന അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് നടക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പാളയത്തെ ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. സദാശിവൻ പൂവത്തൂരിന്റെ കവിതാലാപനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |