മട്ടാഞ്ചേരി: പൊലീസുകാരെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികളായ അമീർ സുഹൈൽ (24), അറാഫത്ത് (22), സനോവർ (24) എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രി വിദേശവനിതകളെ ആക്രമിക്കുന്നതായി സ്റ്റേഷനിലേക്ക് ഫോൺകോൾ വന്നതിനെത്തുടർന്ന് അന്വേഷിക്കാൻ ചെന്ന പൊലീസുകാരെയാണ് മട്ടാഞ്ചേരി കൽവത്തി പാലത്തിന് സമീപത്തുവച്ച് പ്രതികൾ ആക്രമിച്ചത്. പാലത്തിൽ കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ പ്രകോപിതരായ പ്രതികൾ പൊലീസുകാരോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പ്രതികളിൽ ഒരാളെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ മറ്റു പ്രതികൾ ചേർന്ന് ബലമായി മോചിപ്പിക്കുകയും കല്ലെറിയുകയും ചെയ്തു. തുടർന്ന് 12 പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പിടിയിലായവർ മട്ടാഞ്ചേരി, ഫോർട്ടുകാെച്ചി സ്റ്റേഷനുകളിലെ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്.
മട്ടാഞ്ചേരി അസി. കമ്മീഷണർ പി.ബി. കിരണിന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി സ്റ്റേഷ൯ ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിമ്മി ജോസ്, മധുസൂദനൻ, സത്യൻ, എ.എസ്.ഐ. ഷൈമോൻ, സീനിയർ സി.പി.ഒമാരായ രാജേഷ്, എഡ്വിൻ റോസ്, സി.പി.ഒമാരായ നിഖിൽ, ബേബിലാൽ, അനീഷ്, ഉമേഷ് ഉദയൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |