കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽക്കിടന്ന ജീപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് ജില്ലാ പ്രിൻസിപ്പിൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്ന നാലാം പ്രതി തമിഴ്നാട് സ്വദേശി ഷംസുദ്ദീനെ വെറുതെവിട്ടു. അഞ്ചാം പ്രതി തമിഴ്നാട് സ്വദേശി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
ഒന്നാംപ്രതി മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.
2016 ജൂൺ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. സംഭവത്തിൽ കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റിരുന്നു. കരിംരാജയാണ് ബോംബ് വച്ചത്. ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അബ്ബാസ് അലിയുടെ വീട്ടിൽ വച്ചായിരുന്നു ബോംബ് നിർമ്മിച്ചത്.
മുൻ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജി.സേതുനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി.ബി.സുനിൽ, എസ്.പി.പാർത്ഥസാരഥി, ബി.ആമിന എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എ.സി.പിയായിരുന്ന ജോർജ് കോശിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മറ്റു നാലിടത്തും
സ്ഫോടനം നടത്തി
കൊല്ലത്തിനു പുറമേ ആഡ്രയിലെ ചിറ്റൂർ (2016 ഏപ്രിൽ 7), മൈസൂരു (2016 ആഗസ്റ്റ് ഒന്ന്), നെല്ലൂർ (2016 സെപ്തം.12), മലപ്പുറം (2016 നവംബർ ഒന്ന്) കോടതി വളപ്പുകളിലും പ്രതികൾ സ്ഫോടനം നടത്തി. മൈസൂരു സ്ഫോടനക്കേസ് അന്വേഷിച്ച എൻ.ഐ.എ ഹൈദരാബാദ് സംഘം 2016 നവംബർ 28നാണ് പ്രതികളെ പിടികൂടിയത്. അവിടെ ജയിലിലായിരുന്ന പ്രതികളെ കൊല്ലം കേസിലെ വിചാരണയ്ക്കായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
ബിൻലാദന്റെ ആരാധകർ
തമിഴ്നാട്ടിലെ കീഴവേളിയിൽ താൻ നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിൽ വച്ചാണ് അബ്ബാസ് അലി ബേസ്‌മൂവ്മെന്റ് സംഘടനയ്ക്ക് രൂപം നൽകിയത്. മറ്റു പ്രതികളെ ഇതിലേക്ക് ആകർഷിച്ചു. ബിൻലാദന്റെ ആശയ പ്രചാരണമായിരുന്നു ലക്ഷ്യം. കോടതികൾ കേന്ദ്രീകരിച്ച് സ്ഫോടനം നടത്താനും തീരുമാനിച്ചു. 2015 മുതൽ ഇതിനായി ഗൂഢാലോചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |