കൊച്ചി: പച്ചാളത്തെ പാപ്പൂട്ടീസ് വത്സാ കഫേയിലെ തനിനാടൻ രുചിക്കൂട്ടുകൾ നൂറ്റാണ്ടിന്റെ കൈപ്പുണ്യവുമായി ന്യൂജെൻ ട്രെൻഡുകൾക്കൊപ്പം മുന്നോട്ട്.
കടയിൽ ഫ്രിഡ്ജ് ഇല്ലാത്തതിനാൽ വിഭവങ്ങൾ 'ഉറങ്ങിയെണീക്കാറില്ല". ഇപ്പോഴത്തെ അമരക്കാരൻ കെ.വി. ബിജോയിയുടെ അപ്പൂപ്പൻ പാപ്പൂട്ടിയുടെ അമ്മ ചീരുവിന്റെ രുചിക്കൂട്ടുകളാണ് വിജയരഹസ്യം.
അഞ്ച് ജീവനക്കാരുമായി ചീരുവമ്മൂമ്മ തുടങ്ങിയ കടയിൽ കടല ഫ്രൈയും പുട്ടും കിഴങ്ങുകറിയുമായിരുന്നു തരങ്ങൾ. ഇന്ന് 70ലേറെ തനിനാടൻ താരങ്ങൾ. പുട്ട്, ഉപ്പുമാവ്, അപ്പം, ഇടിയപ്പം, കൊഴുക്കട്ട, ബീഫ് ഇഷ്ടു, കുറുമ, ചിക്കൻ പെരളൻ... അടുക്കളയിൽ പുലർച്ചെ മുതൽ നാടൻമേളം. മസാലപ്പൊടികൾ വീട്ടിൽ തയ്യാറാക്കുന്നു. രുചിയിലല്ല, രുചിക്കൂട്ടിലാണ് കാര്യമെന്ന നല്ലപാഠമാണ് അച്ഛനും അപ്പൂപ്പനും ബിജോയിയെ പഠിപ്പിച്ചത്.
ഇഷ്ടങ്ങളുടെ ഇടം
ചീരുവിന്റെ മകൻ പാപ്പൂട്ടിയുടെ മൂത്തമകൻ വത്സന്റെ പേരാണ് ഹോട്ടലിന്. മാതൃത്വം വരുത്താൻ വത്സയെന്നാക്കി. പച്ചാളത്ത് തുടങ്ങിയ ഹോട്ടൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറിയത് 1926ലാണ്. 2014ൽ പരിഷ്‌കരിച്ചപ്പോൾ ന്യൂജൻ ഇഷ്ടങ്ങൾക്കും പരിഗണന. കപ്പപ്പുഴുക്ക് മുതൽ അറേബ്യൻ വിഭവങ്ങൾവരെ. പഴമക്കാരുടെ ഓർമ്മകൾ തുടിക്കുന്ന ഇവിടം സൗഹൃദങ്ങളുടെ അരങ്ങാണ്. വർഷങ്ങളായുള്ള ജീവനക്കാരാണ് കരുത്ത്. മാനേജർ തൂത്തുക്കൂടി സ്വദേശി കുമാർ എത്തിയിട്ട് 40 വർഷമായി.
എന്തുണ്ട് കഴിക്കാൻ
താറാമുട്ട വിഭവങ്ങൾ എപ്പോഴുമുണ്ടാവും. കോഴിമുട്ടയും മീനും ആടും ഇല്ല. ബീഫും ചിക്കനും ഇഷ്ടംപോലെ. ഓട്ടുരുളിയിലാണ് പാചകം. മലബാർ വിഭവങ്ങൾക്കായി ഹോട്ടലിനോട് ചേർന്ന് പാപ്പൂട്ടീസ് എന്ന കടയുണ്ട്. അറേബ്യൻ വിഭവങ്ങളുമുണ്ട്. ഹോട്ടൽമാനേജ്‌മെന്റ് ബിരുദധാരിയായ ബിജോയ് പാപ്പൂട്ടീസ് ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മലയാളക്കരയുടെ വിഭവങ്ങൾ ലോകത്താരും ഇഷ്ടപ്പെടും.
ചക്കപ്പുഴുക്കും കപ്പപ്പുഴുക്കും ഇഷ്ടപ്പെടാത്തവരില്ല.
കെ.വി. ബിജോയി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |