തിരുവനന്തപുരം: ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് വീണ്ടും കത്ത് നൽകിയേക്കും. ഹവാല, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡിക്കാണ് അധികാരം. പൊലീസ് നേരത്തേ ഇ.ഡിക്ക് കത്ത് നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. തിരൂർ സതീശന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. സതീശിന്റെ മൊഴി സഹിതം ഇ.ഡിക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം.
ഇതു സംബന്ധിച്ച് ഇന്നലെ പ്രോസിക്യൂട്ടറുമായി പൊലീസ് ചർച്ചനടത്തി. കൊടകര ദേശീയ പാതയിൽവച്ച് കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 22പേരെ പ്രതികളാക്കി 2021 ജൂലായ് 23ന് കുറ്റപത്രം നൽകി. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധിക കുറ്റപത്രം നൽകി. 1.58 കോടി രൂപ കണ്ടെടുത്തിരുന്നു. 56.64 ലക്ഷം രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |