അറസ്റ്റിനു ശേഷം കാണാനില്ല
ടെഹ്റാൻ: ഇറാനിലെ ക്യാമ്പസിൽ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി അറസ്റ്റിനു ശേഷം എവിടെയെന്നന്വേഷിച്ച് ലോകം. കഴിഞ്ഞ ദിവസമാണ് ടെഹ്‌റാൻ സർവകലാശാല ക്യാമ്പസിലെ യുവതി ഉൾവസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടത്. അറസ്റ്റിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാജീവനക്കാർ യുവതിയെ അറസ്റ്റുചെയ്തു. ഇപ്പോൾ അവർ എവിടെയാണെന്ന് വ്യക്തമല്ല. ഇവരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇസ്ളാമിക് ആസാദ് സർവകലാശാല ക്യാമ്പസിൽ യുവതി ഉൾവസ്ത്രം മാത്രമിട്ടു നടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, യുവതിക്കു ‘മാനസിക വെല്ലുവിളി’ ഉണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സർവകലാശാലയുടെ വിശദീകരണം. 2 കുട്ടികളുടെ മാതാവായ ഇവർ പങ്കാളിയിൽ നിന്നു വേർപിരിഞ്ഞാണു താമസം.
വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഇറാനിയൻ കുർദിഷ് വനിത മഹ്‌സ അമിനി മരിച്ചതിനെ തുടർന്ന് 2022ൽ ഇറാനിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ആയിരക്കണക്കിനു പേർ അറസ്റ്റിലാവുകയും 500ലേറെ പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |