ടെൽ അവീവ്: ഇന്നലെ ബരാചിത് ഏരിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ അബു അലി റിദ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ ഇസ്രയേലി സേനയ്‌ക്കെതിരെ റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണങ്ങൾ സംഘടിപ്പിച്ച കമാൻഡറാണ് അബു. കൂടാതെ പ്രദേശത്തെ ഹിസ്ബുള്ള പ്രവർത്തകരുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കും അബു മേൽനോട്ടം വഹിച്ചിരുന്നു. അതേസമയം, ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. സെപ്തംബർ അവസാനം ഇരുവിഭാഗങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ലെബനനിലെ ഹിസ്ബുള്ളക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുകയാണ്. മുൻ മേധാവി ഹസൻ നസ്‌റല്ല ഉൾപ്പെടെയുള്ള നിരവധി തീവ്രവാദ കമാൻഡർമാരെയും മുൻനിര നേതാക്കളെയും ഇസ്രയേൽ ഇതിനിടെ വധിച്ചു. അതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പാലസ്തീനികൾ കൊല്ലപ്പെട്ടു.ർ
യു.എൻ ഏജൻസിക്ക് വിലക്ക്
ഗാസയിൽ പട്ടിണിയുടെ വക്കിൽ നിൽക്കുന്ന അഭയാർത്ഥികൾക്ക് സഹായമെത്തിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ യു.എൻ.ആർ.ഡബ്ല്യു.എ ഏജൻസിക്ക് വിലക്കേർപ്പെടുത്തി ഇസ്രയേൽ. പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഏജൻസിയുടെ പ്രവർത്തന കരാർ തിങ്കളാഴ്ച ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രയേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി.
ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗാസയിലെ പ്രവർത്തനം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനിർമ്മാണം നടത്തിയത്. ഹമാസ് പോരാളികൾ ഏജൻസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. എന്നാൽ,ഇക്കാര്യം നിഷേധിച്ച ഏജൻസി, നിഷ്പക്ഷത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെയും നിരവധി രാജ്യങ്ങളുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഇസ്രയേൽ നടപടി.
ഗാസയിലേക്കുള്ള സഹായങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് യു.എൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നൽകി. 20 ലക്ഷത്തിലേറെ ജനങ്ങൾക്കാണ് യു.എൻ.ആർ.ഡബ്ല്യു.എയുടെ ഭക്ഷണവും മരുന്നും ലഭിക്കുന്നതെന്ന് ആഗോള കമ്മ്യൂണിക്കേൻ ഓഫിസർ ജൂലിയറ്റ് തൗമ പറഞ്ഞു. ഏജൻസിയുടെ സ്കൂളുകളിൽ പഠിക്കുന്ന നാലു ലക്ഷം കുട്ടികൾക്ക് ഇനി ആര് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് അവർ ചോദിച്ചു. വിലക്ക് നടപ്പാക്കാതിരിക്കാൻ ഇസ്രയേലിനുമേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും ജൂലിയറ്റ് ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്രയേൽ ബോംബാക്രമണത്തിൽ 24 മണിക്കൂറിനിടെ 33 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |