കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് എറണാകുളത്ത് തിരിതെളിഞ്ഞപ്പോൾ മഴപോലും മാറിനിന്നു.
മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ താരങ്ങളുടെ മാർച്ച് പാസ്റ്റും ദീപശിഖാ പ്രയാണവും ഉദ്ഘാടനവും വ്യത്യസ്തവും ഒരുമയുടെ സ്വരം ഊട്ടിയുറപ്പിക്കുന്നതുമായി.
വൈകിട്ട് മൂന്നിന് എറണാകുളം ഡർബാർ ഹാളിൽ നിന്നാരംഭിച്ച സംയുക്ത ദീപശിഖാ, മുഖ്യമന്ത്രിയുടെ പേരിലുള്ള ഏവർ റോളിംഗ് ട്രോഫി പ്രയാണം താളമേള അകമ്പടിയോടെ മഹാരാജാസ് ഗ്രൗണ്ടിൽ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി.കരുത്തും ചേർത്തുനിറുത്തലും വിളിച്ചോതി ജില്ലകളുടെ മാർച്ച് പാസ്റ്റ്. ഇൻക്ലീസീവ് താരങ്ങൾ മുന്നിൽ നടന്നു. ആവേശത്തോടെ ആലപ്പുഴ ആദ്യം മാർച്ചുചെയ്തു. പിന്നാലെ ഇടുക്കിയും കണ്ണൂരുമടക്കം വന്നുപോയി.
വയനാടെ വാ
അതിജീവനത്തിന്റെ കരുത്തുമായെത്തിയ വയനാടിനും സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി ഭാഗമാകുന്ന വിദേശവിദ്യാർത്ഥികളുടെ ടീമിനും ഗ്യാലറി ഹൃദയത്തിൽ നിന്നും നിറഞ്ഞ കൈയടി നൽകി. മാർച്ച് പാസ്റ്റിന് പിന്നാലെ ട്രാക്കിൽ പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിന്റെ ദേശീയ സ്കേറ്റിംഗ് മെഡൽ ജേതാവ് എസ്. സായന്ത് ദീപശിഖയുമായി ട്രാക്കിൽ. ഇത് പിന്നീട് ഹൈജമ്പ് ദേശീയതാരം ജുവൽ തോമസും അണ്ടർ 19 സാഫ് കപ്പ് ദേശീയ ടീം അംഗം അഖില രാജൻ, അണ്ടർ 17 ഫുട്‌ബാൾ ദേശീയ ടീം അംഗം ഷിൽജി ഷാജി എന്നിവരിലൂടെ അവസാന ലാപ്പിലെത്തി. ദീപശിഖ കരിത്തല സെന്റ് ജോസഫ്‌സ് യു.പി.എസിലെ ഭിന്നശേഷി വിദ്യാർത്ഥികളായ യശ്വിത, അനുബിനു എന്നിവരുടെ കൈകളിലേക്ക്.
ചരിത്ര നാളം
വീൽചെയറിൽ ദീപശിഖയുമായി മുന്നേറിയ ഇവർ കായിക മേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ ശ്രീജേഷിനു കൈമാറി. ഗ്യാലറിയുടെ കരഘോഷങ്ങൾക്ക് ഇടയിലൂടെ ശ്രീജേഷ് ദീപശിഖയേന്തി ഭാഗ്യചിഹ്നമായ തക്കുടുവിന്റെയടുത്ത്. മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ഇൻക്ലൂസീവ് താരം എസ്. ശ്രീലക്ഷ്മിയും ശ്രീജേഷും ചേർന്ന് കയികമേളയ്ക്ക് തിരിതെളിയിച്ചതും വേറിട്ട കാഴ്ചയായി. സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും കാഴ്ചയ്ക്ക് മിഴിവേകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |