കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികമേളയുടെ ഉദ്ഘാടന മാമാങ്കത്തിലേക്ക് വേണ്ടപ്പെട്ടവരെ വിട്ടുപോകാതെ ക്ഷണിച്ചെങ്കിലും ട്രാക്കിലും ഫീൽഡിലും തിളങ്ങിയ മുൻ രാജ്യാന്തര ചാമ്പ്യന്മാരെ സംഘാടകർ പാടെ അവഗണിച്ചതായി പരാതി. സദസിലേയ്ക്ക് പോലും ക്ഷണിക്കാത്തവരിൽ അർജുന അവർഡ് ജേതാക്കൾ വരെയുണ്ട്. നിരവധി ഒളിമ്പിക് താരങ്ങൾ എറണാകുളത്ത് തന്നെയുണ്ട്. കേരളത്തിനും രാജ്യത്തിനുമായി മെഡലുകൾ വാരിക്കൂട്ടിയവരെ മറന്നതിന്റെ പരിഭവം പലരും സുഹൃത്ത് വലയങ്ങളിൽ പങ്കുവച്ചു. " ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ആദ്യ മേളയിൽ മുൻതാരങ്ങളെ ക്ഷണിക്കുന്നത് ചിലപ്പോൾ ഒരു കുറവായി തോന്നിയതുകൊണ്ടായിരിക്കാം. വിഷമമുണ്ട് എന്നത് വാസ്തവമാണ്. എന്നുകരുതി കായികമേളയിലേക്ക് വരില്ലാ എന്നല്ല. കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഉറപ്പായും എത്തും. " ഒരു മുൻ രാജ്യാന്തര താരം കേരളകൗമുദിയോട് പറഞ്ഞു. നടൻ മമ്മൂട്ടിയെയാണ് അടിമുടി മാറിയെത്തിയ കായികമേളയുടെ ബ്രാൻഡ് അംബാസിഡറായി ആദ്യം തീരുമാനിച്ചത്. എന്നാൽ മമ്മൂട്ടി ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. കേരളത്തിലേക്ക് ഇരട്ട ഒളിമ്പിക് മെഡൽ നേടിയ ശ്രീജേഷിനെ ബ്രാൻഡ് അംബാസിഡറായി പരിഗണിക്കാനുള്ള ആലോചനപോലും ഉണ്ടായില്ലെന്നതാണ് ആശ്ചര്യം ! സംഘാടകർ മറന്നാലും കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകാനും മത്സരങ്ങൾ കാണാനും തിരക്കുകൾ മാറ്റിവച്ച് കൊച്ചിയിലേയ്ക്ക് എത്താനുള്ള തയ്യാറെടുപ്പുകളിലാണ് മറ്റ് രാജ്യാന്തര, ദേശീയ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |