വിദ്യാർത്ഥിക ൾ താത്പര്യം, ലക്ഷ്യം, ഉയർന്ന ഫീസ് താങ്ങാനുള്ള പ്രാപ്തി, പ്രസക്തിയുള്ള കോഴ്‌സുകൾ എന്നിവ വിലയിരുത്തി മാത്രമേ വിദേശപഠനത്തിനു തയ്യാറെടുക്കാവൂ.
സോഷ്യൽ സയൻസ്, മാനേജ്മെന്റ്, ബിസിനസ് സ്റ്റഡീസ്, എൻജിനിയറിംഗ് എന്നിവയ്ക്ക് യു.കെ, ഓസ്‌ട്രേലിയ എന്നിവ മികച്ച രാജ്യങ്ങളാണ്.
ജർമ്മനി ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങൾ ടെക്‌നോളജി, എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കും കാനഡ ലോജിസ്റ്റിക്‌സ്, സയൻസ്, ടെക്‌നോളജി കോഴ്‌സുകൾക്കും മികച്ച രാജ്യങ്ങളാണ്. ലൈഫ് സയൻസിൽ ഉപരിപഠനത്തിന് അമേരിക്കയിൽ സാദ്ധ്യതയേറെയാണ്. കമ്പ്യൂട്ടർ സയൻസ്, ഐ.ടി പഠനത്തിനും അമേരിക്ക മികച്ച രാജ്യമാണ്. അമേരിക്കയിൽ സൈബർ സെക്യൂരിറ്റി കോഴ്‌സുകൾക്കും അനന്ത സാദ്ധ്യതകളുണ്ട്.
വിദേശ പഠനത്തിന് ഏതാണ് മികച്ച കോഴ്‌സ് എന്നതിൽ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും സംശയങ്ങളേറെയുണ്ട്. പ്ലസ് ടുവിനുശേഷമുള്ള അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോഴും, ബിരുദ ശേഷമുള്ള ഗ്രാജ്വേറ്റ് പ്രോഗ്രാം കണ്ടെത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഭാവി തൊഴിൽ സാദ്ധ്യതകൾ, ടെക്‌നോളജി, ഗവേഷണ വിടവ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം. അപേക്ഷിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ റാങ്കിംഗ് നിലവാരം മനസിലാക്കണം.
മാറുന്ന തൊഴിൽ സാദ്ധ്യതകൾ
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ കോഴ്‌സുകൾ വരുന്നതോടൊപ്പം തൊഴിലുകളിലും തൊഴിൽ സാദ്ധ്യതകളിലും മാറ്റം പ്രകടമാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകുമെന്നും പകരം അറിയപ്പെടാത്ത പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിഞ്ഞുവരുമെന്നുമാണ്.
ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് (MEP) തലങ്ങളിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസറിതല ജോലിസാദ്ധ്യതകൾ വർദ്ധിച്ചു വരുന്നു. കൊവിഡിന് ശേഷം ടൂറിസം രംഗത്ത് 2047-ഓടു കൂടി 100 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
കാർഷിക മേഖലയിൽ അഗ്രിബിസിനസ്സ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇ റീട്ടെയ്ൽ, ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നിവയിൽ വളർച്ച പ്രതീക്ഷിക്കാം. കാർഷിക മേഖലയിൽ സ്മാർട്ട് സേവനങ്ങൾക്കിണങ്ങിയ ടെക്‌നോളജിക്ക് പ്രാധാന്യം കൈവരും. പ്രെസിഷൻ ഫാമിംഗ്, ഡ്രോൺ ടെക്‌നോളജി, ജി.ഐ.എസ്, സോയിൽ മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് എന്നിവയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കാം. മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താർജിക്കും.
കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്‌നോളജി, ഗവേഷണം, കാർബൺ നെറ്റ് സിറോയിലെത്തിക്കാനുള്ള ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻവളർച്ച പ്രതീക്ഷിക്കാം.
ബയോ എൻജിനിയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാദ്ധ്യതയുള്ള മേഖലകളാണ്. എനർജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ ഹൈഡ്രജൻ എനർജി, ഗ്രീൻ എനർജി, ക്ലീൻ എനർജി എന്നിവ വിപുലപ്പെടും.
ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്ടിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, സൂപ്പർ സോണിക് എയർ ക്രാഫ്റ്റുകൾ, ഓപ്പൺ റാൻ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, സൈക്കോളജി, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്‌സ്, സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്ൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ് എന്നിവ തൊഴിൽ മേഖലയിൽ മാറ്റത്തിന് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |