ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനങ്ങൾ ഉറ്റുനോക്കുന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 200ലേറെ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ന്യൂയോർക്കിലുണ്ടെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഒഫ് സിറ്റി പ്ലാനിംഗ് പറയുന്നത്. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇംഗ്ലീഷ് കൂടാതെ മറ്റ് നാല് ഭാഷകളിൽ മാത്രമേ ബാലറ്റ് പേപ്പറുകളുള്ളു. അതിലൊന്ന് നമ്മുടെ ഇന്ത്യൻ ഭാഷയാണ്.
വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യക്കാർ യുഎസിൽ താമസിക്കുന്നുണ്ടെങ്കിലും ബാലറ്റ് പേപ്പറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ബംഗാളി ഭാഷയാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യൻ ഭാഷകളായ ചൈനീസ്, സ്‌പാനിഷ്, കൊറിയൻ, ബംഗാളി എന്നിവയാണുള്ളത്. ന്യൂയോർക്ക് സിറ്റിയിലെ ബോർഡ് ഒഫ് ഇലക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മൈക്കൽ ജെ റയാൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമപരമായ ആവശ്യകത കാരണമാണ് ബാലറ്റ് പേപ്പറുകളിൽ ബംഗാളി ഉൾപ്പെടുത്തിയിട്ടുള്ളത്.
2013ൽ ന്യൂയോർക്കിലെ ക്വീൻസ് പ്രദേശത്തെ ദക്ഷിണേഷ്യൻ സമൂഹമാണ് ആദ്യമായി ബാലറ്റുകൾ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തത്. 1965ലെ വോട്ടവകാശ നിയമത്തിലെ വ്യവസ്ഥപ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്ക് ഭാഷാസഹായം നൽകാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ട് വർഷം കഴിഞ്ഞാണ് ബാലറ്റിൽ ബംഗാളി ഭാഷ കൂട്ടിച്ചേർത്തത്. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയാണ് ബംഗാളി സംസാരിക്കുന്ന ജനസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വെല്ലുവിളികളും പരസ്പര അധിക്ഷേപവും നിറഞ്ഞ പ്രാചരണത്തിനൊടുവിൽ ഇന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 5.30നും 7.30നും (പ്രാദേശിക സമയം രാവിലെ 7നും 9നും) ഇടയിൽ പോളിംഗ് ആരംഭിക്കും. ഇന്ത്യൻ സമയം നാളെ രാവിലെ 5.30നും 9.30നും ഇടയിൽ പോളിംഗ് അവസാനിക്കും. ആകെ 24.4 കോടി വോട്ടർമാരിൽ ഏഴ് കോടി പേർ ഏർലി വോട്ടിംഗിൽ സമ്മതിദാനം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |