ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചത്. ഭരണഘടനാ സാധുത ചൂണ്ടിക്കാട്ടിയാണ് വിധി.
മതേതര തത്വങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എട്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പ്രഥമദൃഷ്‌ട്യാ നിരീക്ഷിച്ച സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ, ജെ ബി പർദ്ദേവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് കഴിഞ്ഞമാസം 22നാണ് ഹർജികളിൽ വാദം പൂർത്തിയാക്കിയത്. ഇതിനിടെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കമ്മിഷന്റെ നിർദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ മദ്രസകൾ അടച്ചുപൂട്ടാനുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് സുപ്രീം കോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |