പാലക്കാട്: കേരളത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ 100 ശതമാനവും ബിജെപി ജയിക്കുമെന്നും, ബിജെപിയല്ലാതെ മറ്റാരും ജയിക്കില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് മാറ്റിവച്ചത് ബിജെപി യെ സഹായിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
രഥോത്സവ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നത് പ്രത്യക്ഷമായി പതിനേഴോളം ബൂത്തുകളിലെയും പരോക്ഷമായി മുപ്പതിലധികം ബൂത്തുകളിലെയും വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് സ്തീകളെ. മൂന്ന് മണി വരെ അവർ രഥോത്സവത്തിന്റെ തിരക്കിലായിരിക്കും. അതിന് ശേഷം അവരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട് ബിജെപിയിൽ പ്രശ്നങ്ങളിലെന്നും കെ. സുരേന്ദ്രൻ ആവർത്തിച്ചു. ഇതൊന്നും ഒരിടത്തും ബിജെപിയെ ബാധിക്കുന്ന വിഷയങ്ങളല്ല. ഇതിൽ പരിഹരിക്കപ്പെടാത്ത വിഷയം ഒന്നുംതന്നെയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയവും ഇതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. വലിയ പ്രാധാന്യം നൽകുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
ടെലിവിഷൻ മുറികളിലിരുന്ന് ചർച്ച ചെയ‌്ത് തീരുമാനമെടുക്കുന്ന പാർട്ടിയല്ല ബിജെപി. പ്രവർത്തകർക്കിടയിൽ കാര്യങ്ങൾ തീരുമാനിക്കുള്ള സുവ്യക്തമായ സംവിധാനമുള്ള പാർട്ടിയാണ് ബിജെപി. 23ാം തീയതി അത് ബോദ്ധ്യമാകുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |