അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാതയായ അഹമ്മദാബാദ് - മുംബയ് റൂട്ടില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നദിക്ക് കുറുകെ പണികഴിപ്പിക്കുകയായിരുന്ന പാലമാണ് തകര്‍ന്നത്. മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടുവെന്നും ഒരാള്‍ മരിച്ചുവെന്നും നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു. ഗുജറാത്ത് പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചാണ് തൊഴിലാളികളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ സുഖം പ്രാപിച്ച് വരികയാണെന്നാണ് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. ആനന്ദ് നദിക്ക് കുറുകേ ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്തിയെന്നും അധികൃതര്‍ പ്രതകരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ അപകടത്തേക്കുറിച്ച് അറിഞ്ഞത്. പ്രാദേശിക ഭരണകൂടം ഉടനടി സംഭവത്തില്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണത്തിലെ അപാകതയാണോ അതോ ഘടനയുടെ പ്രശ്‌നമാണോ തകര്‍ച്ചയ്ക്ക് കാരണമെന്ന് മനസ്സിലാക്കാന്‍ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യമാണെന്നാണ് അധികൃതര്‍ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |