പരിമിതികളെ മറികടന്ന് കൊച്ചിയിലെ മൈതാനങ്ങളിൽ മിന്നൽപ്പിണരായ സ്പെഷ്യൽ താരങ്ങളുടെ പോരാട്ട വീര്യത്തിന് കൈയടിച്ച്, സംസ്ഥാന സ‌്‌കൂൾ കായിക മേളയ്‌ക്ക് സവിശേഷ തുടക്കം. കായിക മേളയുടെ ഒന്നാം ദിനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും തേവരയിലുമെല്ലാം സവിശേഷ പരിഗണന അർഹിക്കുന്ന 1461 താരങ്ങൾ നടത്തിയ സൗഹൃദ പോരാട്ടം ചരിത്രമായി.സവിശേഷ താരങ്ങളുടെ മത്സരങ്ങൾ ഇൻക്ലൂസീവ് സപോർട്‌സ് എന്ന പേരിലാണ് നടത്തിയത്. കണ്ണിൽ ഇരുട്ടാണെങ്കിലും അവർ നമുക്ക് ത്രസിപ്പിക്കുന്ന കാഴ്‌ചകൾ സമ്മാനിച്ചു.
കേൾവി അന്യമായ അവരുടെ കാതുകളിൽ വിജയത്തിന്റെ പെരുമ്പറ മുഴങ്ങി. ചാഞ്ചാടുന്ന മനസിൽ ലക്ഷ്യത്തിലേക്കുള്ള വഴികൾ തെളിച്ചെടുത്തവർ, അപൂർണമായ കൈകളും കാലുകളും കൊണ്ടവർ വിജയത്തിലേക്ക് ചാടിയും ഓടിയുമെത്തി. ഗോളിലേക്ക് മഴവിൽ ഷോട്ടുകളുതിർത്തു. റാക്കറ്റ് കൊണ്ട് മിന്നൽ സ്മാഷുകൾ പായിച്ചു. ഇന്നലെ അവരുടേതായിരുന്നു. മറക്കാതെ അവരെ ചേർത്തു നിറുത്തിയ സർക്കാരിനും അഭിമാനിക്കാം.
സവിശേഷ താരങ്ങളെ നിറഞ്ഞ കൈയടികളോടെയാണ് ഗാലറിയും വരവേറ്റത്. രക്ഷിതാക്കളും അദ്ധ്യാപകരും
സഹപാഠികളും പ്രോത്സാഹിപ്പിച്ച് ഒപ്പം നിന്നു. പകർന്ന് കിട്ടിയ ആവേശം താരങ്ങൾക്ക് ഊർജ്ജമായി. അിതിനിടെ പരിചയമില്ലാത്ത സിന്തറ്റിക്ക് ട്രാക്കിൽ ഓടിയും ചാടിയും ചിലർ പരിക്കേറ്റ് വീണത് സങ്കടക്കാഴ്ചയായി. അത്രമേൽ ആത്മാർത്ഥതയോടെ പൊരുതിയിട്ടും തോറ്റുപോയപ്പോൾ പൊട്ടിക്കരഞ്ഞവർ കാണികൾക്കും കണ്ണീരായി. 14 വയസിന് മുകളിൽ, താഴെ എന്നിങ്ങനെ തിരിച്ചായിരുന്നു മത്സരങ്ങൾ. ആദ്യം സ്വർണം തലസ്ഥാനമാണ് സ്വന്തമാക്കിയത്. 14 വയസിന് മുകളിലുള്ളവരുടെ സ്‌റ്റാൻഡിംഗ് ജമ്പിലായിരുന്നു സ്വർണ നേട്ടം. സ്‌റ്റാൻഡിംഗ് ത്രോ, 100 മീറ്റർ ഓട്ടം, 4X100 മിക്‌സഡ് റിലേ, ഫുട്‌ബാൾ, ഹാൻഡ്‌ബാൾ, ബാഡ്‌മിന്റൺ മത്സരങ്ങളിലെല്ലാം മിന്നും പ്രകടനങ്ങൾ കണ്ടു.
കാഴ്‌ചയന്യമായ കണ്ണ് കറുത്ത തുണികൊണ്ട് മൂടി കൂട്ടുകാരുടെ കൈപിടിച്ച് ട്രാക്കിൽ പാഞ്ഞ താരങ്ങൾ സൗഹൃദത്തി്റെയും വിശ്വാസത്തിന്റെയും കാഴ്ചയായി. സാധാരണ ലോംഗ് ജമ്പിൽ ഓരോരുത്തരും മത്സരിക്കുമ്പൾ ഒരു ജില്ല ഒരുടീമായി ദൂരങ്ങൾ താണ്ടിയത് സാഹോദര്യത്തിന്റെ ഉദാഹരണമായി.
അത്‌ലറ്റിക്‌സിൽ പാലക്കാട്
സവിശേഷ വിഭാഗം അത്‌ലറ്റിക്‌സിൽ പാലക്കാട് ചാമ്പ്യന്മാരായി. നാല് സ്വർണവും മൂന്ന് വെള്ളിയും നേടി 38 പോയിന്റുമായാണ് ജേതാക്കളായത്. തിരുവനന്തപുരമാണ് രണ്ടാമത്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 36 പോയിന്റ് . 26 പോയിന്റുാമിയി വയനാടാണ് മൂന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |