കൊച്ചി: സ്കൂൾ കായികമേളയ്ക്ക് വേണ്ടി ചുരമിറങ്ങി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അർജുനും ഗൗതം കൃഷ്ണ മോഹനും ബസിലിരുന്ന് ഒരുമനസോടെ ഒരു തീരുമാനം എടുത്തിരുന്നു. തിരികെ മടങ്ങുമ്പോൾ അതിജീവനം തേടുന്ന സ്വന്തം ജില്ലയായ വയനാട്ടിലേക്ക് സ്വർണമെഡൽ കൊണ്ടുപോകണം. പവർ ലിഫ്റ്റിംഗിൽ ഇരുവരും ആ ആഗ്രഹം നിറവേറ്റുകയും ചെയ്തു. സീനിയർ ആൺകുട്ടികളുടെ 53, 59 കിലോ ഗ്രാം വിഭാഗങ്ങളിലാണ് ഇരുവരും പൊന്നണിഞ്ഞത്. മാനന്തവാടി ജി.വി.എച്ച്. എസ്.എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് ഗൗതം കൃഷ്ണ മോഹൻ. മാനന്തവാടി കണിയാരം ഫാ. ജി.എം.ജി. എച്ച്.എസ്. എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് അർജുൻ.അമൃത ഇന്റർനാഷണൽ മൾട്ടി ജിമ്മിലെ ഷിൽജോ, ലതീഷ് എന്നിവരുടെ കീഴിലാണ് ഇരുവരുടെയും പരിശീലനം.
53 കിലോ വിഭാഗം സ്ക്വാട്ടിൽ 175 കി.ഗ്രാം ഉയർത്തിയ 16 കാരനായ ഗൗതം ബഞ്ച് പ്രസിൽ 85 കി.ഗ്രാമും ഡെഡ് ലിഫ്റ്റിൽ 177.5 കി.ഗ്രാമും ഉയർത്തിയാണ് ഒന്നാമതെത്തിയത്. ഒരു വർഷം മുമ്പാണ് ഗൗതം പവർലിഫ്റ്റിംഗിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വർഷം അസോസിയേഷൻ സംഘടിപ്പിച്ച സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിയിരുന്നു. ചൂട്ടക്കടവ് മുള്ളത്തിൽ പരേതനായ മോഹൻദാസിന്റേയും കെ.ബി ധന്യയുടെയും മകനാണ്.
അയൽവാസിയും ദേശീയ പവർ ലിഫ്റ്റിംഗ് ജേതാവുമായ ഡാനിയൽ ആന്റണിയിൽ പ്രചോദനമുൾക്കൊണ്ട് പവർ ലിഫ്ടിംഗിലേക്കെത്തിയ അർജുൻ വലതുകൈയിലെ പരിക്ക് വകവയ്ക്കാതെയാണ് 59 കി.ഗ്രാം വിഭാഗത്തിൽ തിളങ്ങിയത്. സ്ക്വാട്ടിൽ 190 കി.ഗ്രാമും ബഞ്ച് പ്രസിൽ 95 കിലോയും ഡെഡ് ലിഫിറ്റിൽ 190 കിലോയും ഉയർത്തി . കഴിഞ്ഞ രണ്ട് വർഷവും രണ്ടാം സ്ഥാനം കൊണ്ട് മടങ്ങേണ്ടിവന്നതിന്റെ മധുരപ്രതികാരം കൂടിയുണ്ട് വിജയത്തിന് പിന്നിൽ. മാനന്തവാടി ഗവ. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് രാംദാസിൻ്റെയും ലാൻഡ്മാർക്ക് ജ്വല്ലറിയിലെ ജീവനക്കാരി പ്രവീണയുടെയും മകനാണ്. സഹോദരി അനന്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |