കൊച്ചി: ഇന്നലെ കോതമംഗലം എം.എ കോളേജ് നീന്തൽ കുളത്തിൽ തുടങ്ങിയ നീന്തൽ മത്സരങ്ങളിൽ പിറന്നത് ഏഴ് റെക്കാഡുകൾ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൂടുതൽ റെക്കാർഡുകൾ തിരുത്തിയത്. സബ് ജൂനിയർ ഗേൾസ് 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെഞ്ഞാറമ്മൂട് ഗവ. എച്ച്.എസ്.എസിലെ ആർ.ബി. ഭാഗ്യകൃഷ്ണ 23കൊല്ലം പഴക്കമുള്ള റെക്കാഡ് തിരുത്തി. സബ് ജൂനിയർ ബോയ്സ് 400 മീറ്റർ വിഭാഗത്തിൽ തന്റെ തന്നെ കഴിഞ്ഞവർഷത്തെ റെക്കാഡാണ് തിരുവനന്തപുരം എം.വി. എച്ച്.എസ്.എസിലെ എം. തീർത്ഥു സാമവേദ് തിരുത്തിയത്.
ജൂനിയർ വിഭാഗം ബട്ടർഫ്ലൈ സ്ട്രോക് 50 മീറ്ററിൽ എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ ആദിദേവ് പി. പ്രദീപാണ് റെക്കാഡ് നേടിയത്. 100 മീറ്റർ ബാക്സ്ട്രോക്കിൽ കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസിലെ കെ. ദേവികയാണ് റെക്കാഡ് നേടിയത്. 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ എൻ. പാവണി സരയുവിന്റെ പേരിലാണ് പുതിയ റെക്കാർഡ്. 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ വെഞ്ഞാറമ്മൂട് ഗവ. എച്ച്.എസ്.എസിലെ ആർ. വിദ്യാലക്ഷ്മിയാണ് 2023ലെ റെക്കാഡ് തിരുത്തിയത്. സീനിയർ ബോയ്സ് വിഭാഗത്തിൽ 100 മീറ്റർ ബാക്സ്ട്രോക്കിൽ എം.വി.എച്ച്.എസ്.എസ് തുണ്ടത്തിലെ എസ്. അഭിനവും റെക്കാഡിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |