എല്ലാ കണ്ണുകളും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്ന കാത്തിരിപ്പിൽ ലോകമെമ്പാടുമുള്ള ധനകാര്യ വിപണികൾ കരുതലോടെ നീങ്ങുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിലെ ഫലമാകും ആഗോള സാമ്പത്തിക മേഖലയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുക. കമല ഹാരിസ് ജയിച്ചാൽ വലിയ മാറ്റങ്ങളൊന്നും ധന നയത്തിലുണ്ടാകില്ല. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വ്യാപാര, ധന, രാഷ്ട്രീയ മേഖലകളിലുണ്ടാക്കിയേക്കും. ഇന്നലെ ഓഹരി, നാണയ, സ്വർണ, ക്രൂഡോയിൽ വിപണികളിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായി.
ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിൽ കനത്ത തകർച്ച നേരിട്ടെങ്കിലും വ്യാപാരാന്ത്യത്തിൽ ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ 694.39 പോയിന്റ് നേട്ടവുമായി 79,476.63ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 217.95 പോയിന്റ് ഉയർന്ന് 24,213.30ൽ അവസാനിച്ചു. ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
സ്വർണ വില താഴേക്ക്
റെക്കാഡുകൾ പുതുക്കി മുന്നേറിയ സ്വർണ വില അഞ്ച് ദിവസമായി താഴേക്ക് നീങ്ങുകയാണ്. കേരളത്തിൽ ഇന്നലെ പവൻ വില 120 രൂപ കുറഞ്ഞ് 58.840 രൂപയിലെത്തി. ഗ്രാമിന്റെ വില 15 രൂപ താഴ്ന്ന് 7,355 രൂപയിലെത്തി. ഒക്‌ടോബർ 31ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 59,640 രൂപയിൽ നിന്ന് 800 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,730 ഡോളറിലേക്ക് താഴ്‌ന്നു. കഴിഞ്ഞ വാരം വില 2,790 ഡോളറായിരുന്നു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലമാണ് സ്വർണ വിപണിയും കാത്തിരിക്കുന്നത്.
രാജ്യാന്തര ക്രൂഡോയിൽ വില മുകളിലേക്ക്
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉത്പാദനത്തിൽ കുറവ് വരുത്തിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 78 ഡോളറിലേക്ക് നീങ്ങി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എണ്ണ വിപണിക്കും നിർണായകമാണ്.
സ്ഥിരതയോടെ രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്നലെ കാര്യമായ വ്യതിയാനമുണ്ടായില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നിക്ഷേപകർ നാണയ വിപണിയിൽ കരുതലോടെയാണ് നീങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |