കൊച്ചി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്കായി നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി രചിച്ച വിജയാശംസാ ഗാനം പുറത്തിറക്കി. തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ലീലാവതി അഞ്ച് മിനിറ്റിൽ എഴുതിക്കൊടുത്ത ഗാനമാണിത്. കേരളപുരം ശ്രീകുമാർ ചിട്ടപ്പെടുത്തി ആലപിച്ച ഗാനം പൂജാ സ്റ്റുഡിയോ ഉടമ ആന്റണിയുടെയും പയ്യന്നൂർ മുരളിയുടെയും സഹകരണത്തോടെയാണ് പുറത്തിറക്കിയത്.
ഭാരതത്തിൻ ധീര പുത്രി, കേരളത്തിൽ ദത്തു പുത്രി ധീര കീർത്തി പ്രിയങ്കരി പ്രിയങ്കാ ഗാന്ധി... എന്നാരംഭിക്കുന്ന ഗാനം 2.36 മിനിറ്റ് ദൈർഘ്യമുള്ളതാണ്. വയനാട്ടിലെ പ്രചാരണത്തിന് ഗാനം ഉപയോഗിക്കും.ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി ഗാനത്തിന്റെ ഓഡിയോ പതിപ്പ് നൽകി ഉമ തോമസ് എം.എൽ.എ പ്രകാശനം നിർവഹിച്ചു. ഇന്ത്യയുടെ വിജയത്തിനായി വയനാടിന്റെ പ്രിയങ്കരിയായ പ്രിയങ്ക വലിയ വിജയം നേടുമെന്ന് ഡോ. ലീലാവതി ആശംസിച്ചു.
സേവ്യർ തയങ്കരി, പി.എം. നജീബ്, ടി.ടി. ബാബു, ഷംസു തലക്കോട്ടിൽ, പയ്യന്നൂർ മുരളി തുടങ്ങിയവർ പങ്കെടുത്തു.
''വ്യക്തിപരമായി എനിക്ക് രാഷ്ട്രീയമില്ല. വ്യക്തികളെ ഇഷ്‌ടമാണ്. ഇന്ദിരാഗാന്ധിയെക്കുറിച്ച് ഞാൻ എഴുതിയ പുസ്തകത്തിൽ പ്രിയങ്കയെക്കുറിച്ചും രാഹുലിനെക്കുറിച്ചും പറയുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ കുടുംബത്തോട് ഇഷ്‌ടമുണ്ട്. നാടിന് വേണ്ടി ഇത്രയും ജീവത്യാഗം സഹിച്ച കുടുംബം വേറെയില്ല. അതാണ് അവരോട് സ്നേഹത്തിനും ആദരവിനും കാരണം.""
-ഡോ.എം. ലീലാവതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |