പാലക്കാട്: സന്ദീപ് വാര്യരുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയിൽ ഒരു പ്രശ്നവുമില്ല. പരിഹരിക്കപ്പെടാത്ത പ്രശ്നമൊന്നും ഇപ്പോൾ പാർട്ടിയിലില്ല. ഇപ്പോഴത്തെ വിവാദങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചചെയ്യേണ്ട വിഷയമല്ല.
കാര്യങ്ങൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒന്നും വിശദമാക്കാൻ ആഗ്രഹിക്കുന്നില്ല. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാദ്ധ്യമങ്ങൾ വേവലാതിപ്പെടുന്നത്. തന്റെ ജോലിയും അതല്ല. തങ്ങൾ എയറിലല്ല, ഭൂമിയിലാണ്. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാദ്ധ്യമങ്ങൾ വേവലാതിപ്പെടുന്നത്. ടെലിവിഷൻ മുറികളിലോ സാമൂഹ മാദ്ധ്യമങ്ങളിലോ ചർച്ചചെയ്ത് തീരുമാനങ്ങളെടുക്കുന്ന പാർട്ടിയല്ല ബി.ജെ.പി. എല്ലാ കാര്യങ്ങളും ജനങ്ങളോട് വ്യക്തമാക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. അത് 23ന് ബോധ്യമാകും. തിരഞ്ഞെടുപ്പ് തീയതി നീട്ടിവച്ചത് തങ്ങൾക്ക് സഹായകമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പറഞ്ഞ കാര്യങ്ങളിൽ മാറ്റില്ല: സന്ദീപ് വാര്യർ
താൻ ഉന്നയിച്ച വിഷയങ്ങളിൽ ബി.ജെ.പി നേതാക്കൾ ഇടപെടാത്തത് സംബന്ധിച്ച് പ്രവർത്തകരും സമൂഹവും വിലയിരുത്തുമെന്ന് സന്ദീപ് വാര്യർ. പറഞ്ഞ കാര്യങ്ങളിൽ മാറ്റം ഉണ്ടാവേണ്ട സാഹചര്യമുണ്ടായിട്ടില്ല. സന്ദീപിനെതിരെ തിരഞ്ഞെടുപ്പിന് ശേഷം നടപടി മതിയെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. അടിയന്തര നടപടി വേണമെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. എന്നാൽ തത്കാലം നടപടി വേണ്ടെന്ന തീരുമാനത്തിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
അതേസമയം സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി ആർ.എസ്.എസ് നേതാവ് എ.ജയകുമാർ സന്ദീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നാണ് ചർച്ചക്കുശേഷം സന്ദീപ് പ്രതികരിച്ചത്. എല്ലാം ശരിയാകുമെന്നാണ് ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.ആർ. ശിവശങ്കറിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |