ശ്രീനഗർ: ജമ്മുകാശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. ഒരു ഭീകരനെ വനമേഖലയിൽ കുടുക്കിയതായും സൈന്യം അറിയിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു.
കെട്‌സോൺ വനമേഖലയിലാണ് സംഭവം. താഴ്‌വരയുടെ വടക്കൻ മേഖലയിലെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. കുപ്‌വാരയിലെ ഹന്ദ്വാരയിൽ നിന്ന് ഭീകരബന്ധമുള്ളയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോപോർ സ്വദേശി ആഷിഖ് ഹുസൈൻ വാനിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് പിസ്റ്റലും മാഗസീനും തിരകളും കണ്ടെടുത്തു. ഹന്ദ്വാര പൊലീസും 22 രാഷ്ട്രീയ റൈഫിൾസും സി.ആർ.പി.എഫിന്റെ 92ാം ബറ്റാലിയനും നടത്തിയ ഓപ്പറേഷനിലാണ് യുവാവ് പിടിയിലായത്.
കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു.
സി.ആർ.പി.എഫ് സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി കച്ചവടക്കാരുടെ വണ്ടിയിൽ തട്ടി പൊട്ടിത്തെറിച്ചാണ് സമീപത്തുണ്ടായിരുന്ന പ്രദേശവാസി
കൾക്ക് പരിക്കേറ്റത്. ഗ്രനേഡ് എറിഞ്ഞ ഭീകരർക്കായി തെരച്ചിൽ തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ലാൽ ചൗക്കിലെ സൺഡേ മാർക്കറ്റിലായിരുന്നു ആക്രമണം. ഒരു വർഷത്തിനിടെ ശ്രീനഗറിൽ ഭീകരർ നടത്തിയ ആദ്യ ഗ്രനേഡ് ആക്രമണമാണിത്. ശ്രീനഗറിലെ ഖന്യാർ മേഖലയിൽ ഉസ്മാൻ ലഷ്‌കരി എന്ന ലഷ്‌കറെ ത്വയിബ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശ്രീനഗർ പൊലീസ് യു.എ.പി.എ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ആശുപത്രിയിലെത്തി
ഫറൂഖ് അബ്ദുള്ള
ശ്രീനഗറിലെ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. താഴ്വരയിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിലെത്തിയ അദ്ദേഹം പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു. വേഗം സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ആശുപത്രി അധികൃതരോട് അഭ്യർത്ഥിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിക്കൊപ്പം വിരമിച്ച ജഡ്ജിയും എം.എൽ.എയുമായ ഹസ്‌നൈൻ മസൂദിയും ആശുപത്രിയിലെത്തി.
ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ സുരേന്ദർ കുമാർ ചൗധരിയും നേരത്തെ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുമായും കുടുംബാംഗങ്ങളുമായും സംവദിച്ചു. ശ്രീനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡോ.ബിലാൽ മൊഹിദീനും അപകടത്തിൽപ്പെട്ടവരെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു.
ഞങ്ങൾ ഇവിടെ വന്നത് പരിക്കേറ്റവരെ കാണാനാണ്. അവർ ചികിത്സയിലാണ്. രണ്ട് രോഗികൾക്ക് ശസ്ത്രക്രിയക്ക് വിധേയരാകേണ്ടതുണ്ട്. പ്രത്യേക പരിചരണം നൽകും. ബാക്കിയുള്ളവർ ചികിത്സക്കുശേഷം ആശുപത്രി വിടും.
-ഡോ.ബിലാൽ മൊഹിദീൻ
ശ്രീനഗർ ഡെപ്യൂ. കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |