തിരുവനന്തപുരം: കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിനി തന്മയയുടെ വരയാണ്
ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിന്റെ ചിത്രം. ബാലസൗഹൃദ കേരളം എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കായി സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്നാണ് തന്മയ ഒന്നാമതെത്തിയത്. നേമം പുഷ്‌പരാജാണ് ചിത്രം തിരഞ്ഞെടുത്തത്. ശിശുദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാമ്പ് പ്രകാശനം ചെയ്യും. 15 രൂപയാണ് സ്റ്റാമ്പിന്റെ വില.
കായൽക്കരയിലെ മണ്ണിൽ കേരളത്തിന്റെ ഭൂപടം തീർക്കുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും സമീപത്തെ വള്ളത്തിലിരുന്ന് ഈ കാഴ്ച കൗതുകത്തോടെ നോക്കുന്ന മറ്റൊരാൺകുട്ടിയും പെൺകുട്ടിയും... കായലിനരികെ ഒരു തെങ്ങ്...മറുകരയിലെ തെങ്ങുകളുടെ ദൂരെക്കാഴ്ചയും പറന്നകലുന്ന പക്ഷികളും... ആണ് തന്മയ ആവിഷ്കരിച്ചത്.
ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള തന്മയ ഊർജ്ജസംരക്ഷണ വകുപ്പ് ഈ വർഷം നടത്തിയ മത്സരത്തിൽ ജലഛായം വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും സബ്‌ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. കണ്ണാടിപ്പറമ്പ് കടുവാൻ ഹൗസിൽ വി.അശോകന്റേയും കെ.ചിത്രയുടേയും ഏകമകളാണ്. അമ്മാവനും ചിത്രകാരനുമായ കടുവൻ പ്രമോദിന്റെ ശിക്ഷണത്തിൽ ചിത്രരചന അഭ്യസിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |