ചെന്നൈ: വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശിയായ ബാലസുബ്രഹ്മണ്യം (43), 17 വയസുകാരിയായ മകളുമാണ് പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണിയാണ് (65) കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം പ്രതികൾ വയോധികയുടെ ആഭരണങ്ങളുമായി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ധാരാളം ആഭരണങ്ങൾ അണിയാറുളള മന്നം രമണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കൊലപ്പെടുത്തിയത്. കിടക്കവിരി കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവരുകയായിരുന്നു. നെല്ലൂരിൽ നിന്ന് സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്ക് സമീപം മിഞ്ചൂരിൽ ഇറങ്ങി. ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുളള മൃതദേഹം കണ്ടെത്തിയത്.
മന്നം രമണി മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്നാണ് ബാലസുബ്രഹ്മണ്യം ആദ്യം പൊലീസിന് മൊഴി നൽകിയത്. പിന്നാലെയാണ് സത്യാവസ്ഥ പുറത്തുവന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |