ന്യൂഡൽഹി: യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് വിജയത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന്റെ വിജയ സാദ്ധ്യതകൾ മങ്ങുകയാണ്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ പലവിധമാറ്റങ്ങൾ ഉണ്ടാകാമെന്നാണ് നിരീക്ഷണങ്ങൾ.
'അമേരിക്ക ആദ്യം' എന്ന നയത്തിനായിരിക്കും താൻ മുൻഗണന നൽകുകയെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ട്രംപ് 2.0 എത്തുമ്പോൾ വ്യാപാരം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം എന്നീ മേഖലകളിൽ യുഎസിന്റെ പ്രധാന നയതന്ത്ര പങ്കാളിയെന്ന നിലയിൽ ഇന്ത്യക്ക് അവസരങ്ങളും വെല്ലുവിളികളും ഉണ്ടാവും.
ഇന്ത്യ-യുഎസ് വ്യാപാര ബന്ധങ്ങൾ
അമേരിക്കൻ താത്‌പര്യങ്ങൾക്ക് മുൻഗണന നൽകി അന്താരാഷ്‌ട്ര കരാറുകളിൽ ഏർപ്പെടുകയെന്നതാണ് ട്രംപ് സ്വീകരിച്ചുവരുന്ന വിദേശനയം. തന്റെ ആദ്യ ടേമിൽ, പാരീസ് കാലാവസ്ഥാ ഉടമ്പടി, ഇറാൻ ആണവ കരാർ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര കരാറുകൾ അദ്ദേഹം പരിഷ്‌കരിച്ചിരുന്നു. രണ്ടാം ടേമിൽ, ഇന്ത്യയുൾപ്പെടെയുള്ള പങ്കാളികളുമായുള്ള പരമ്പരാഗത സഖ്യങ്ങളും കരാറുകളും ട്രംപ് പരിഷ്‌കരിക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാദ്ധ്യതകളും ഏറെയാണ്.
ഇന്ത്യ -യുഎസ് വ്യാപാര ബന്ധത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് കൂടുതലായും നിരീക്ഷക്കപ്പെടുന്നത്. അധികാരത്തിലെത്തിയാൽ വിദേശ ഉത്‌പന്നങ്ങളുടെ താരിഫ് ഉയത്തുമെന്നും റെസിപ്രോക്കൽ ടാക്‌സ് ഏർപ്പെടുത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
'അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള എന്റെ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പരസ്പര ധാരണയാണ്. നമ്മൾ പൊതുവെ താരിഫ് ഈടാക്കാറില്ല. ഞാൻ ആണ് ആ പ്രക്രിയ ആരംഭിച്ചത്. ചൈന 200 ശതമാനം താരിഫ് ആണ് ഈടാക്കുന്നത്. ബ്രസീലും വലിയ ചാർജ് ഈടാക്കാറുണ്ട്. ഇവരിൽ ഏറ്റവും വലിയ ചാർജ് ഈടാക്കുന്നത് ഇന്ത്യ ആണ്. നമുക്ക് ഇന്ത്യയുമായി മികച്ച ബന്ധമുണ്ട്. പ്രത്യേകിച്ച് മോദിയുമായി. അദ്ദേഹം ഒരു മികച്ച നേതാവാണ്'- എന്നാണ് ട്രംപ് മുൻപ് പറഞ്ഞത്.
ട്രംപ് മുന്നോട്ട് വയ്ക്കുന്ന താരിഫ് നയങ്ങൾ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാർമസ്യൂട്ടിക്കൽ, ടെക്‌സ്റ്റൈൽ മേഖലകൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, ചൈനയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ട്രംപിന്റെ നയങ്ങൾ ഇന്ത്യക്ക് ഗുണമാകും. ചൈനയിൽ നിന്ന് വിതരണ ശൃംഖലകൾ വൈവിദ്ധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന യുഎസ് ബിസിനസുകളെ ആകർഷിക്കുന്ന ഒരു ഉൽപ്പാദന കേന്ദ്രമായി സ്വയം സ്ഥാപിക്കുന്നതിന് ഇന്ത്യയ്ക്ക് മുന്നിൽ പുതിയ വഴികൾ തുറക്കും.
കുടിയേറ്റം
ഇമിഗ്രേഷനിൽ, പ്രധാനമായും എച്ച് 1 ബി വിസ പ്രോഗ്രാം എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ട്രംപ് നിലപാട് യുഎസ് പഠനം, തൊഴിൽ എന്നിവ സ്വപ്നം കാണുന്ന ഇന്ത്യൻ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കാം. വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകൾ വർദ്ധിപ്പിക്കാനും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആദ്യ ടേമിൽ ട്രംപ് ശ്രമിച്ചു. ഇത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.
സൈനിക സഹകരണം
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആണിക്കല്ലുകളാണ് പ്രതിരോധവും സൈനിക സഹകരണവും. ക്രിട്ടിക്കൽ ആന്റ് എമർജിംഗ് ടെക്‌നോളജി (ഐസിഇടി) സംരംഭങ്ങൾ, ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള ജിഇ-എച്ച്എഎൽ കരാർ തുടങ്ങിയ പ്രതിരോധ ഇടപാടുകൾ ജോ ബൈഡന്റെ ഭരണത്തിന് കീഴിലുള്ള ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഹൈലൈറ്റുകളാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യം പങ്കിടുന്നവരാണ് ഇരുരാജ്യങ്ങളും. അതേസമയം, സൈനിക സഹകരണം തുടരാമെങ്കിലും, സൈനിക ഉടമ്പടികളുടെ കാര്യത്തിലും സമാനമായ ജാഗ്രതാപരമായ സമീപനം സ്വീകരിച്ചേക്കാമെന്ന് നാറ്റോയോടുള്ള ട്രംപിന്റെ നിലപാട് സൂചിപ്പിക്കുന്നു. ശക്തിയിലൂടെ സമാധാനം എന്ന ട്രംപിന്റെ നിലപാട് ഇന്ത്യൻ നയങ്ങളുമായി യോജിക്കുന്നതും സൈനിക സഹകരണത്തിൽ വിള്ളലേൽക്കാനിടയില്ല എന്ന സൂചന നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |