അധോലോകവുമായി ബോളിവുഡ് വലിയ ബന്ധം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു തൊണ്ണൂറുകൾ. സിനിമാനിർമാണം മുതൽ സിനിമാതാരങ്ങളുടെ ജീവിതംവരെ അധോലോകം നിയന്ത്രിച്ചിരുന്നു. സിനിമാനടികളും ഗുണ്ടാനേതാക്കളും തമ്മിലുള്ള പ്രണയം സാധാരണ ഒന്നായി മാറി. അക്കാലത്ത് മാദ്ധ്യമങ്ങളടക്കം ഏറെ ആഘോഷിക്കപ്പെട്ട പ്രണമായിരുന്നു അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെയും ബോളിവുഡ് നായിക മന്ദാകിനിയുടെയും.
ബോളിവുഡുമായുള്ള ദാവൂദിന്റെ ബന്ധവും നടിമാരോടുള്ള പ്രത്യേക അടുപ്പവും അക്കാലത്ത് ഏവർക്കും അറിയാവുന്ന കാര്യമായിരുന്നു. ഇവയെല്ലാം പരസ്യമായി തന്നെ ഹിന്ദി സിനിമയുടെ മുന്നിലുണ്ടായിരുന്നു. അത്തരത്തിലൊരു ബന്ധമായിരുന്നു ദാവൂദും നടി മന്ദാകിനിയും തമ്മിലുണ്ടായിരുന്നത്. വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. പല സന്ദർഭങ്ങളിലും ഇവർ ഒന്നിച്ചെത്തിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും അകന്നു. കരിയറിന്റെ ഉന്നതിയിൽ നിന്ന് മന്ദാകിനി ഇതിനുശേഷം ബോളിവുഡിൽ നിന്നുതന്നെ അപ്രത്യക്ഷയായി. നേപ്പാളിലെ ഒരു ഡോക്‌ടറെ വിവാഹം കഴിച്ച അവർ സന്തോഷമായ കുടുംബജീവിതം നയിക്കുകയാണെമന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു.
പാകിസ്ഥാനിൽ നിന്ന് ബോളിവുഡിലെത്തിയ നടിയായ അനിത ആയൂബായാണ് ഇതിനുശേഷം ദാവൂദ് പ്രണയത്തിലായത്. നിർമാതാവായ ജാവേദ് സിദ്ദിഖ് വെടിയേറ്റ് മരിച്ചതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമാവുന്നത്. അദ്ദേഹത്തിന്റെ സിനിമയിൽ അനിതയ്ക്ക് അവസരം നൽകാത്തതിനാൽ ദാവൂദ് ഇബ്രാഹിമാണ് കൊലയ്ക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ചാരവൃത്തി ആരോപിക്കപ്പെട്ടതോടെ 1995ൽ അനിതയ്ക്ക് പാകിസ്ഥാനിലേയ്ക്ക് മടങ്ങേണ്ടിവന്നു. ആ വർഷംതന്നെ സൗമിൽ പട്ടേലെന്ന ഇന്ത്യൻ ബിസിനസുകാരനെ അനിത വിവാഹം ചെയ്തു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു.
പാകിസ്ഥാനി നടി മെഹ്‌വിഷ് ഹയാത്തുമായി ദാവൂദ് പ്രണയത്തിലാണെന്ന് 2020ൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാലിത് അവർ തള്ളിയെങ്കിലും മെഹ്‌വിഷ് കൂടുതൽ സമയവും ദുബായിൽ സമയം ചെലവഴിക്കുന്നത് പലരും ചൂണ്ടിക്കാട്ടി. ദാവൂദുമായും ദുബായിൽ കണ്ടുമുട്ടാറുണ്ടെന്നാണ് വാർത്തകൾ പരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |