ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റായ ഭാരത് മാട്രിമോണിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. തന്റെ ചിത്രം വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ചുവെന്ന പരാതിയുമായി സ്വാതി മുകുന്ദ് എന്ന ബ്ളോഗറാണ് രംഗത്തെത്തിയത്. ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്‌ക്രിപ്ഷൻ സർവീസിലാണ് മറ്റൊരു പേരിൽ യുവതിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഭാരത് മാട്രിമോണിയുടെ തട്ടിപ്പ് എന്ന പേരിലാണ് സ്വാതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭർത്താവിനെ കണ്ടെത്തിയത് ഭാരത് മാട്രിമോണിയയിലൂടെ അല്ലെന്ന് വീഡിയോയുടെ ആദ്യഭാഗത്ത് ഭർത്താവിനെ പരിചയപ്പെടുത്തികൊണ്ട് യുവതി പറഞ്ഞു. വ്യാജ പ്രൊഫൈലിന്റെ സ്‌ക്രീൻഷോട്ടും അവർ പങ്കുവച്ചു.
'വലിയൊരു തുക വാങ്ങി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഭാരത് മാട്രിമോണിയുടെ എലൈറ്റ് സർവീസിലാണ് ഇത്തരമൊരു തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കൾ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിനായി പ്രൊഫൈലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ടെന്ന് അവകാശപ്പെടുന്ന സൈറ്റ് ആണിത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ വളരെ സൂക്ഷിക്കണം. നിങ്ങൾ കാണുന്ന കാര്യമായിരിക്കില്ല നിങ്ങൾക്ക് ലഭിക്കുന്നത്'- ,സ്വാതി വീഡിയോയിൽ മുന്നറിയിപ്പ് നൽകി.
വീഡിയോയ്ക്ക് പിന്നാലെ പലരും ഭാരത് മാട്രിമോണിയൽ സൈറ്റിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചു. '1.5 ലക്ഷം രൂപ അടച്ച് ഞാൻ എലൈറ്റ് സബ്സ്‌ക്രിപ്‌ഷൻ എടുത്തിരുന്നു. അതവരുടെ വലിയ തട്ടിപ്പ് ആണ്. ഒരു വർഷം ആകെ കുറച്ച് പ്രൊഫൈലുകൾ മാത്രം വീണ്ടും വീണ്ടും കാണിക്കുകയാണ് അവർ ചെയ്യുന്നത്'- ഒരു ഉപഭോക്താവ് പറഞ്ഞു. കേസ് കൊടുക്കൂവെന്നും ചിലർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |