കണ്ണൂർ:കുടുംബങ്ങളുടെ സന്തോഷസൂചിക ഉയർത്തുന്ന ഹാപ്പി കേരള പദ്ധതിയുടെ ഭാഗമായി ഹാപ്പിനസ് കേന്ദ്രങ്ങൾ ഒരുക്കാൻ കുടുംബശ്രീ. കുടുംബങ്ങളുടെ മാനസിക,ശാരീരിക, ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകുകയും പരിസ്ഥിതിയോട് ചേർന്ന സുഖകരമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയുമാണ് ഹാപ്പിനസ് കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കല,കായികം,സാംസ്‌കാരിക പങ്കാളിത്തം,ഫലപ്രദ ആശയവിനിമയം,സാമ്പത്തിക സുരക്ഷിതത്വം എന്നിവയിലൂടെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത റിസോഴ്‌സ് ടീം സംസ്ഥാന തല പരിശീലനം പൂർത്തിയാക്കി. ജില്ലയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമാണ് സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുത്തത്. ഇവരുടെ നേതൃത്വത്തിൽ ജില്ലാതല പരിശീലനവും പൂർത്തിയായി.
പ്രവർത്തനം
മാതൃകാ സി.ഡി.എസുകളിലെ സർവേ നടത്തും.
കുടുംബങ്ങളുടെ ഹാപ്പിനസ് ഇൻഡക്‌സ് ഉയർത്തനാവശ്യമായ സൂക്ഷ്മതല പദ്ധതി തയാറാക്കും.
കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയാറാക്കും.
വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും
സന്തോഷത്തിന്റെ 'ഇട"ങ്ങളിലേക്ക്
വാർഡുകളിലായി ഇടങ്ങൾ എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നതാണ് അടുത്ത ഘട്ടം. വാർഡ് തലത്തിൽ ഇതിനായി പരിശീലനം നൽകും.ഓരോ വാർഡിലെയും 20 മുതൽ 40 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഇടങ്ങൾ രൂപീകരിച്ച് സർവ്വേയും മറ്റു പരിപാടികളും സംഘടിപ്പിക്കും.അടുത്ത ദിവസം മുതൽ സർവ്വെ ഉൾപ്പെടെ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.ഇടങ്ങളിലെ ഓരോ കുടുംബത്തിലും സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ 11 ഹാപ്പിനസ്
പരിയാരം, കരിവെള്ളൂർ, നാറാത്ത്, പാപ്പിനിശേരി, കുറ്റിയാട്ടൂർ, മാലൂർ, പായം, പാട്യം, മൊകേരി, എരഞ്ഞോളി, പെരളശേരി സി.ഡി.എസുകൾ
ലോക ഹാപ്പിനസ് ഇൻഡക്സ്
പ്രതിശീർഷ ജി.ഡി.പി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.ഈ പട്ടികയിൽ 149 രാജ്യങ്ങളിൽ 136മതാണ് ഇന്ത്യയുടെ സ്ഥാനം.
ലക്ഷ്യം സമഗ്ര മേഖലകളിലും ഉന്നമനം
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വ്യക്തിയോ കുടുംബമോ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് നയിക്കുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സന്തോഷം ലഭിക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ സാമൂഹിക സാഹചര്യമനുസരിച്ച് സന്തോഷ സൂചിക തയാറാക്കി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തും. കുടുംബശ്രീ നടപ്പാക്കുന്ന ദേശിയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി എഫ്.എൻ.എച്ച്.ഡബ്ലുമായി (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ്) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |