കോഴിക്കോട്:കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്. അതിന്റെ തെളിവാണ് കൊടകര കള്ളപ്പണക്കേസും അതിൽ ബിജെപി നേതാക്കൾക്കുള്ള പങ്കും. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ്. ബിജെപിയുടെ പാർടി സംവിധാനം തന്നെ കള്ളപ്പണ ഇടപാടിന് നേതൃത്വം കൊടുക്കുകയാണെന്നതിന്റെ തെളിവാണ് ഈ സംഭവത്തിൽ കേന്ദ്ര ഏജൻസി ഇടപെടാതെ മാറി നിൽക്കുന്നത്.
ബിജെപിയുടെ കള്ളപ്പണ ഇടപാടിൽ പങ്കാളിയായി ചില കോൺഗ്രസ് നേതാക്കളും ഉണ്ടെന്നതിന്റെ തെളിവാണ് ഷാഫിക്ക് നാല് കോടി നൽകിയെന്ന സുരേന്ദ്രന്റെ പ്രസ്താവന. നേരത്തെ ഇലക്ട്രറൽ ബോണ്ടിന്റെ പ്രശ്നം ഉയർന്നുവന്നപ്പോൾ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പങ്കാളി 170 കോടി രൂപ ബിജെപിക്ക് നൽകിയ കാര്യവും പുറത്തുവന്നിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വേണം പാലക്കാട്ടേ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസ് റെയ്ഡിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തുവന്നിരിക്കുന്നതിനെ കാണാൻ.
കള്ളപ്പണം തടയുക എന്ന സമീപനത്തോട് എൽഡിഎഫിന് പൂർണ യോജിപ്പാണുള്ളത്. അതുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾ അതുമായി പൂർണമായും സഹകരിച്ചത്. എന്നാൽ റെയ്ഡ് വന്നതോടെ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തരായത് എന്തൊക്കെയൊ മറച്ചുവെക്കാനുള്ളത് കൊണ്ടാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോൾ പൊലീസിനെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും രംഗത്തിറങ്ങിയിരിക്കുന്നത് ഭാവിയിൽ വരാനിടയുള്ള റെയ്ഡുകളെ തടയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |