വാഷിംഗ്ടൺ : ലോകത്തെ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഫ്ലോറിഡയിൽ ഇന്നലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ലോകത്തിന് സമാധാന പ്രതീക്ഷ പകരുന്ന ട്രംപിന്റെ പ്രഖ്യാപനം.
ഐസിസിനെ പരാജയപ്പെടുത്തിയതൊഴിച്ചാൽ നാല് വർഷം അമേരിക്ക യുദ്ധം ചെയ്‌തില്ല. ഞാൻ യുദ്ധങ്ങൾ ആരംഭിക്കില്ല, യുദ്ധങ്ങൾ അവസാനിപ്പിക്കും - തന്റെ രണ്ടാം ഗവൺമെന്റിന്റെ നയപ്രഖ്യാപനം പോലെ ട്രംപ് പറഞ്ഞു.
ഏതൊക്കെ യുദ്ധങ്ങളാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. എങ്കിലും രണ്ടാം വരവിൽ യുക്രെയിൻ , ഗാസ യുദ്ധങ്ങൾ മുഖ്യ അജണ്ടയാവുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.
ആരാധകരുടെ യു.എസ്. എ വിളികൾക്കിടെ, വിജയം സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.ഞാൻ നിങ്ങളുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റാണ്. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിത്. അമേരിക്കയുടെ ‘സുവർണ്ണ യുഗം ’ ഇതായിരിക്കും. അസാധാരണമായ ജനവിധിയാണിത്. റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിനെ വീണ്ടെടുത്തു. അവിശ്വസനീയ വിജയങ്ങളാണ് സെനറ്റിൽ കിട്ടിയതെന്നും ട്രംപ് പറഞ്ഞു.
നാല് വർഷത്തെ ഭിന്നതകൾ തീർത്ത് രാജ്യത്ത് ഐക്യം വേണമെന്നും ആഹ്വാനം ചെയ്‌തു. അമേരിക്ക ആദ്യം - അതാണ് തന്റെ നയം.
അമേരിക്കയെ ശക്തവും സമൃദ്ധവുമാക്കാൻ ഓരോ ശ്വാസത്തിലും ഞാൻ പോരാടും. നമ്മൾ ഈ രാജ്യത്തെ രക്ഷിക്കും. രാജ്യത്തിന്റെ അതിർത്തികൾ ശക്തമാക്കും - അനധികൃത കുടിയേറ്റത്തെ പരോക്ഷമായി പരാമർശിച്ച് ട്രംപ് പറഞ്ഞു.
ഇലോൺ മസ്‌കിന് പ്രശംസ
തനിക്ക് പിന്തുണ നൽകിയ സ്പേസ് എക്സ് അധിപൻ ഇലോൺ മസ്കിനെ പ്രസംഗത്തിൽ ട്രംപ് വാനോളം പുകഴ്ത്തി. നമുക്ക് ഒരു പുതിയതാരം ഉദിച്ചിരിക്കുന്നു- ഇലോൺ മസ്‌ക്. അൽഭുത മനുഷ്യനാണ്. ഹെലൻ ചുഴലിക്കൊടുങ്കാറ്റ്വീശിയപ്പോൾ ആയിരക്കണക്കിനാളുകളെ മരണത്തിൽ നിന്ന് രക്ഷിച്ചത് മസ്കിന്റെ സ്റ്റാർലിങ്ക് ആണ്. അദ്ദേഹം എനിക്കു വേണ്ടി ഫിലാഡെൽഫിയയിലും പെൻസിൽവേനിയയിലും രണ്ടാഴ്ച പ്രചാരണം നടത്തി. ഞാൻ താങ്കളെ സ്നേഹിക്കുന്നു, ഇലോൺ...തനിക്ക് നേരെ നടന്ന രണ്ട് വധശ്രമങ്ങളെയും ട്രംപ് പരാമർശിച്ചു. ദൈവം എന്നെ മഹത്തായ ചില കാര്യങ്ങൾക്ക് വേണ്ടി കാത്തു രക്ഷിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ വിജയത്തിന് എല്ലാവരെയും പ്രശംസിച്ച ട്രംപ് മാദ്ധ്യമങ്ങളെ ശത്രുപക്ഷം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.
യുക്രെയിന് ആശങ്ക
ട്രംപിന്റെ വിജയത്തിൽ യുക്രെയിന് ആശങ്കയുണ്ട്. റഷ്യയ്‌ക്കെതിരെ പോരാടാൻ നാറ്റോ വഴി ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ സാമ്പത്തിക , സൈനിക സഹായങ്ങൾ നിൽക്കുമെന്നാണ് ആശങ്ക.
യുക്രെയിന് ബൈഡൻ ഭരണകൂടം പിന്തുണ നൽകുന്നതിനെ ട്രംപ് നേരത്തേ വിമർശിച്ചിരുന്നു. താൻ അധികാരത്തിൽവന്നാൽ 24 മണിക്കൂറിൽ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതും യുക്രെയിനിന്റെ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. യുക്രെയിന് പിന്തുണ നൽകുമെന്ന് ട്രംപ് ഒരിക്കലും പറഞ്ഞിട്ടില്ല.
ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ഉത്തര കൊറിയൻ ഭരണാധികാരി കിംജോങി ഉന്നുമായി നടത്തിയ കൂടിക്കാഴചയും ഹസ്ത ദാനവും ലോകം ശ്രദ്ധിച്ചിരുന്നു. ഉത്തര കൊറിയയിലെ ഏതെങ്കിലും ഭരണാധികാരിയുമായി ചർച്ച നടത്തിയ ആദ്യ യു. എസ് പ്രസിഡന്റാണ് ട്രംപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |