യു.എസ് തിരഞ്ഞെടുപ്പിൽ പ്രതിനിധിസഭയിലേക്ക് ആറ് ഇന്ത്യൻ വംശജരും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ രാജാ കൃഷ്ണമൂർത്തി ( ഇലിനോയി ), ശ്രീ തനേദാർ ( മിഷിഗൺ ), റോ ഖന്ന ( കാലിഫോർണിയ ), പ്രമീള ജയപാൽ ( വാഷിംഗ്ടൺ ), ആമി ബേര (കാലിഫോർണിയ), സുഹാസ് സുബ്രമണ്യം (വിർജീനിയ) എന്നിവർക്കാണ് വിജയം.
റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ 2017 മുതലും ആമി ബേര 2013 മുതലും സഭയിൽ അംഗūളാണ്. മിഷിഗൺ പ്രതിനിധി സഭയിൽ അംഗമായിരുന്ന ശ്രീ തനേദാർ 2022ൽ പ്രതിനിധി സഭയിലെത്തി. സുഹാസ് 2019ൽ വിർജീനിയ ജനറൽ അസംബ്ലിയിലേക്കും ജനുവരിയിൽ വിർജീനിയ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒമ്പത് ഇന്ത്യൻ വംശജർ ഇത്തവണ മത്സരിച്ചു. അരിസോണയിൽ ഡോ. അമീഷ് ഷാ (ഡെമോക്രാറ്റിക്) നേരിയ പോയിന്റിന് പിന്നിലാണ്. ന്യൂജേഴ്സിയിൽ രാജേഷ് മോഹൻ (റിപ്പബ്ലിക്കൻ), കൻസാസിൽ ഡോ. പ്രശാന്ത് റെഡ്ഡി (റിപ്പബ്ലിക്കൻ) എന്നിവർ പരാജയപ്പെട്ടു.
ആമി ബേര ( 59 )
മുഴുവൻ പേര് അമരീഷ് ബാബുലാൽ ബേര. കാലിഫോർണിയയിലെ 6 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. ഗുജറാത്ത് വംശജൻ. കുടുംബം 1958ൽ യു.എസിലേക്ക് കുടിയേറി.
റോ ഖന്ന (48)
കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ പ്രതിനിധിസഭാ അംഗം. അഭിഭാഷകൻ. ഒബാമ ഭരണകൂടത്തിൽ ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു.
രാജാ കൃഷ്ണമൂർത്തി ( 51 )
ഇലിനോയിയിലെ 8-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. ന്യൂഡൽഹിയിലെ തമിഴ് കുടുംബത്തിൽ ജനനം. യു.എസിലേക്ക് കുടിയേറി. ദ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി, ദ ഹൗസ് പെർമനെന്റ് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ് എന്നിവയിൽ അംഗം.
പ്രമീള ജയപാൽ ( 59 )
വാഷിംഗ്ടൺ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിച്ചു. 2017 മുതൽ ഇവിടത്തെ സഭാംഗം. യു.എസ് പ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത. ഫെഡറൽ തലത്തിൽ വാഷിംഗ്ടൺ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച ആദ്യ ഏഷ്യൻ അമേരിക്കൻ. ചെന്നൈയിൽ ജനനം. പിതാവ് മലയാളി.
ശ്രീത നേദാർ ( 67 )
മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് രണ്ടാമത്തെ മത്സരം. മിഷിഗൺ സഭയിൽ അംഗമായിരുന്നു. കർണ്ണാടക സ്വദേശി. 80കളുടെ അവസാനം യു.എസിലേക്ക് കുടിയേറി.
സുഹാസ് സുബ്രമണ്യം ( 38 )
വിർജീനിയയിലെ 10 -ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് ആദ്യ ജയം. ബംഗളൂരുവിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരുടെ മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |