ജയ്‌പൂർ: ഒന്നും രണ്ടുമല്ല. രാജസ്ഥാനിലെ രൺതംബോർ കടുവ സങ്കേതത്തിൽ നിന്ന് ഇതുവരെ കാണാതായത് 25 കടുവകളെ. ആഭ്യന്തര റിപ്പോർട്ടിനെത്തുടർന്ന് അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 14 കടുവകളെ കാണാതായിട്ട് ഒരുവർഷത്തിലധികം പിന്നിട്ട പശ്ചാത്തലത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡനായ പവൻ കുമാർ ഉപാദ്ധ്യായുടെ നടപടി. രണ്ട് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. ഇതാദ്യമായാണ് ഒരുകൊല്ലത്തിനിടെ ഇത്രയധികം കടുവകളെ കാണാതാകുന്നത്. 75 കടുവകളാണ് രൺഥംഭോർ ദേശീയോദ്യാനത്തിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ. ഇതിൽ രണ്ട് കടുവകൾ അടുത്തിടെ ചത്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ 14 കടുവകളുടെ സൂചനകൾ പോലുമില്ലാതായെന്നും അന്വേഷണത്തിനുള്ള ഉത്തരവ് വ്യക്തമാക്കി ഉദ്യോഗസ്ഥർ വിശദമാക്കുന്നു.
ഇക്കാര്യത്തിൽ അധികൃതർക്കിടെ അഭിപ്രായ വ്യത്യാസവും നിലനിൽക്കുന്നു. പലപ്പോഴായി കടുവകൾ ചാകുന്നുണ്ടെന്നും അത് സ്വഭാവിക പ്രക്രിയയാണെന്നും രൺഥംബോർ ഫീൽഡ് ഡയറക്ടർ പറയുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയുടെ (എൻ.ടി.സി.എ) വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ രണ്ട് വർഷത്തിൽ ഏഴ് കടുവകൾ ചത്തിട്ടുണ്ട്. സാധാരണയായി എല്ലാ വർഷവും സങ്കേതത്തിലെ അധികൃതർ കടുവകളുടെ എണ്ണവും ആരോഗ്യവും സംബന്ധിച്ച് കണക്കെടുപ്പ് നടത്താറുണ്ട്. രൺഥംബോറിൽ നിന്ന് കാണാതായ കടുവകളിൽ ഒന്നിനെ 2013ൽ മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |