നാഗ്പൂർ: രാജ്യത്ത് ജാതി സെൻസസ് നടക്കുമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് കാലങ്ങളായി ദളിത്, ഒ.ബി.സി, ആദിവാസി വിഭാഗങ്ങളോട് കാണിക്കുന്ന അനീതി തുറന്നുകാട്ടുമെന്നും പറഞ്ഞു. നാഗ്പൂരിൽ നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസിലൂടെ എല്ലാം വ്യക്തമാകും. അത് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക ശക്തികളുടെ ചലനാത്മകത വ്യക്തമാക്കും.
ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവർക്കും മനസ്സിലാകും. ജാതി സെൻസസ് വികസനത്തിന്റെ മാതൃകയാണ്. അത് 50 ശതമാനം സംവരണ പരിധി ഇല്ലാതാക്കും. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാർശ്വവത്‌കരിക്കപ്പെട്ട ജനതയ്ക്ക് നീതി ഉറപ്പാക്കാനാണ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംബേദ്കർ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകൾ ഭരണഘടനയെ ആക്രമിക്കുമ്പോൾ അവർ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണ്.
അദാനി കമ്പനി മാനേജ്‌മെന്റിൽ ദളിത്, ഒ.ബി.സി, ആദിവാസി വിഭാഗങ്ങളെ നിങ്ങൾ കാണില്ല. 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളുന്നു. എന്നാൽ, കർഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |