കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ മാെഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
വിവാദ മൊഴിയിൽ വ്യക്തത വരുത്താനാണിത്. കളക്ടറുടെ മൊഴി പ്രതിഭാഗം പ്രധാന ആയുധമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം
ഇതിനായി കളക്ടർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഉത്തരമേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കൽ. പ്രത്യേക ചോദ്യാവലി കഴിഞ്ഞ ദിവസം തയ്യാറാക്കി. അരുൺ കെ.വിജയന് പിന്തുണയുമായി ഐ. എ.എസ്. അസോസിയേഷൻ രംഗത്തുവന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാണ് പൊലീസ് നീക്കം. നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ടുപോക്ക്.
നവീൻബാബുവിന്റെ
ഭാര്യയുടെ മൊഴിയെടുക്കും
നവീൻബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അടുത്തദിവസം രേഖപ്പെടുത്തും. നവീൻബാബുവിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതി പി.പി.ദിവ്യയുടെ അഭിഭാഷകൻ വിമർശനമുന്നയിച്ചിരുന്നു. വിഡിയോ റെക്കോർഡിംഗ് ഉൾപ്പെടെയായിരിക്കും ഇനി മൊഴിയെടുപ്പ് . നിലവിൽ ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോയിൽ പകർത്തിയത്. ദിവ്യയുടെ ജാമ്യഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാനാണ് നവീൻ ബാബുവിന്റ കുടുംബത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |