ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ സുരേഷ്ഗോപി തൽക്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. തൃശൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്ഗോപി ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനും കേന്ദ്രം നിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ്ഗോപിയുടെ സിനിമാഭിനയവുമായി ബന്ധപ്പെട്ട് അനുകൂല നിലാപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഏറ്റെടുത്ത സിനിമകൾ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ്ഗോപി.
സുരേഷ്ഗോപിയുടെ പുതിയ രൂപത്തിലുളള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പനായി വളർത്തിയ താടി വടിച്ചിട്ടുളള ചിത്രങ്ങളാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായിട്ടാണ് ഇത് നേരത്തെ പ്രഖ്യാപിച്ചത്. താടി വടിച്ചതോടെ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ഒരാൾക്ക് മറ്റ് ജോലികൾ ചെയ്യാൻ പെരുമാറ്റച്ചട്ടപ്രകാരം സാദ്ധ്യമല്ലെന്ന് മുൻപ് ലോക്‌സഭാ മുൻ ജനറൽ സെക്രട്ടറി പി ഡി ടി ആചാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. മുഴുവൻ സമയ ജോലിയായിട്ടാണ് മന്ത്രിപദത്തെ കാണേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെ സുരേഷ്ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേന്ദ്രത്തിന്റെ തീരുമാനത്തിൽ സഹമന്ത്രി ഇതുവരെയായിട്ടും പ്രതികരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |