റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഒപ്പം ഭാര്യ മെലാനിയ ട്രംപുമുണ്ട്. നേരത്തെ പ്രഥമ വനിതയായിരിക്കുമ്പോഴും മെലാനിയ വാർത്തകളിൽ താരമായിരുന്നു. പൊതുവേ സ്വകാര്യത സൂക്ഷിക്കുന്ന മെലാനിയയുടെ പ്രത്യക്ഷപ്പെടൽ എന്നും ശ്രദ്ധാകേന്ദ്രമാണ്. മെലാനിയയുടെ വസ്ത്രങ്ങളിലാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ. മെലാനിയയെ പോലെ ഫാഷൻ രംഗത്ത് ഇത്രയധികം ശ്രദ്ധചെലുത്തുന്ന ഒരു അമേരിക്കൻ പ്രഥമ വനിതയെ കണ്ടെത്തുക പ്രയാസമായിരിക്കും. ഡിസൈനർമാരുടെ ഫാഷൻ ഐക്കൺ തന്നെയാണ് മെലാനിയ. തന്റെ ഫാഷൻ സങ്കല്പങ്ങളെ പറ്റിയൊന്നും മെലാനിയ അങ്ങനെ തുറന്ന് പറയാറില്ല. ഏകദേശം 78,524 രൂപ മുതലുള്ള വസ്ത്രങ്ങളാണ് മെലാനിയ ധരിക്കുന്നത്. മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡിയെ കടത്തിവെട്ടുന്നതാണ് മെലാനിയയുടെ ഫാഷൻ സങ്കല്‌പങ്ങൾ. ബോൾഡ് ആൻഡ് എലഗന്റ് എന്നാണ് മെലാനിയയുടെ വേഷങ്ങളെ വിശേഷിപ്പിക്കുന്നത്. ഏത് രാജ്യത്ത് പോയാലും അവിടുത്തെ സംസ്‌കാരത്തോട് ഒത്ത് പോകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും മെലാനിയ ശ്രദ്ധിക്കാറുണ്ട്. 1998ലാണ് മെലാനിയ ആദ്യമായി ട്രംപിനെ കണ്ടുമുട്ടുന്നത്. 2004ൽ 2.3 മില്ല്യൺ ഡോളർ വിലമതിക്കുന്ന എമറാൾഡ് ഡയമണ്ട് റിംഗുമായി ട്രംപ് മെലാനിയയോട് വിവാഹാഭ്യർത്ഥന നടത്തുകയും തൊട്ടടുത്ത വർഷം ആഡംബരപൂർണമായ ചടങ്ങിൽ വിവാഹിതരാകുകയും ചെയ്‌തു. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54കാരിയായ മെലാനിയ. ബാരൺ (18) ആണ് ദമ്പതികളുടെ ഏകമകൻ. ഇവാന, മാർല മേപ്പിൾസ് എന്നിവരാണ് ട്രംപിന്റെ മുൻ ഭാര്യമാർ. ഈ ബന്ധങ്ങളിലുള്ള മക്കളാണ് ഡൊണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക, എറിക്, ടിഫനി എന്നിവർ. സ്ലോവിയക്കാരിയായ മെലാനിയയ്ക്ക് മറ്റുള്ള പ്രഥമ വനിതകളെക്കാൾ കൂടുതൽ ഭാഷകൾ അറിയാം. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സെർബിയൻ, സ്ലോവേനിയൻ ഭാഷകൾ മെലാനിയയ്ക്ക് വശമുണ്ട്. സ്ലോവേനിയൻ ആണ് മെലാനിയയുടെ മാതൃഭാഷ. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ആദ്യത്തെ പ്രഥമ വനിത മെലാനിയയാണ്. മുൻ ഫാഷൻ മോഡലായ മെലാനിയ സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയർ, വോഗ്, ഹാർപേർസ് ബസാർ തുടങ്ങിയ മാഗസിനുകൾക്ക് വേണ്ടി മോഡലായിട്ടുണ്ട്. 16ാം വയസിൽ മോഡലിംഗ് കരിയറിന് തുടക്കമിട്ട മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |