ദുബായ്: മലിനജല സംവിധാനത്തിന് ദുബായ് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിരുന്ന ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പത്ത് വർഷത്തിന് ശേഷമാണ് നിരക്കിൽ വർദ്ധനവുണ്ടാകുന്നത്. വരുന്ന മൂന്ന് വർഷത്തേക്കുള്ള വർദ്ധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് നിരക്ക് വർദ്ധിപ്പിക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി.
മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നിലവിൽ മലിനജല ശേഖരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം നിരക്ക് വർദ്ധന ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലെ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പ്രദായങ്ങൾ പരിപോഷിപ്പിക്കുക, ജലസ്രോതസുകൾ സംരക്ഷിക്കുക, ദുബായ് നിവാസികളുടെയും സന്ദർശകരുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനി'ന്റെ ഭാഗമായാണ് ഫീസ് ക്രമീകരിച്ചിരിക്കുന്നത്.
2025 മുതൽ താമസക്കാർക്കും ബിസിനസുകാർക്കുമുള്ള മലിനജല നിരക്ക് ക്രമേണ വർദ്ധിപ്പിക്കും. ഗ്യാലൻ അളവിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഗ്യാലനിന് 1.5 ഫിൽസ് ആണ് ഈടാക്കുക. 2026ൽ ഇത് രണ്ട് ഫിൽസും 2027ൽ ഒരു ഗ്യാലനിന് 2.8 ഫിൽസ് ആയും ഉയരും.
ദുബായിയെ ഒരു പ്രമുഖ ആഗോള ഹബ്ബാക്കി, ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും പറ്റിയ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതുമാണ് അധികൃതരുടെ ലക്ഷ്യം. 2040ഓടെ എമിറേറ്റിലെ ജനസംഖ്യ 7.8 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |