SignIn
Kerala Kaumudi Online
Thursday, 12 December 2024 6.50 AM IST

'മലയാളത്തോട് അതിരുകവിഞ്ഞ സ്നേഹം'; ഉലകനായകൻ ഇന്ന് സപ്തതിയുടെ നിറവിൽ

Increase Font Size Decrease Font Size Print Page
kamal-hassan

ഉലകനായകൻ കമലഹാസൻ ഇന്ന് സപ്തതിയുടെ നിറവിൽ. ഇന്ത്യൻ സിനിമയിലെ എല്ലാ രംഗത്തും തന്റേതായ കഴിവ് തെളിയിച്ച പ്രതിഭയാണ് കമലഹാസൻ. നടൻ, ഗായകൻ, സംവിധായകൻ, നിർമാതാവ്, നൃത്ത സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ തുടങ്ങി നിരവധി സിനിമേഖലകളിലും താരം വിജയം കുറിച്ചു. 1954ൽ ജനിച്ച കമലഹാസൻ തന്റെ ആറാമത്തെ വയസിലാണ് വെളളിത്തിരയിൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേ​റ്റം കുറിച്ചത്.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ സാധാരണ തമിഴ് അയ്യങ്കാർ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കമലഹാസന്റെ അച്ഛൻ ഡി ശ്രീനിവാസൻ ക്രിമിനൽ അഭിഭാഷകനായിരുന്നു. അമ്മ രാജലക്ഷ്മി. നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവനാണ് കമലഹാസൻ. സഹോദരന്മാർ ചാരുഹാസനും ചന്ദ്രഹാസനും. സഹോദരി നളിനി. ജന്മനാടായ രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായാണ് ചെന്നെയിൽ എത്തുന്നത്. ഇഷ്ടമുളള തലത്തിലേക്ക് ഉയരാൻ കമലഹാസന് പൂർണ പിന്തുണ നൽകിയത് ശ്രീനിവാസനായിരുന്നു.

kamal-hassan

കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡലും കമല ഹാസൻ സ്വന്തമാക്കി.അഞ്ചിലധികം സിനിമകളിൽ അദ്ദേഹം ബാലതാരമായി വേഷമിട്ടു. അതിലൊന്ന് കണ്ണും കരളും എന്ന മലയാള ചിത്രമാണ്. അതിനുശേഷം നൃത്തസംവിധായകനായ തങ്കപ്പൻ മാസ്റ്ററിന്റെ സഹായിയായി പ്രവർത്തിക്കാനും തുടങ്ങി. പ്രായപൂർത്തിയായതിനുശേഷം സംവിധായകൻ കെ ബാലചന്ദറിന്റെ സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ കൂട്ടുക്കെട്ടിൽ 40ൽ അധികം സിനിമകൾ പിറന്നു.

മലയാള ചിത്രമായ കന്യാകുമാരി,​ അപൂർവരാഗങ്ങൾ (1975)​,​ മാരോ ചരിത്ര (1978)​,​ഏക് ദുജേ കേലിയേ (1981)​ എന്നിങ്ങനെ വിവിധ ഭാഷകളിൽ റിലീസ് ചെയ്ത വിജയ ചിത്രങ്ങളിലൂടെ കമലഹാസൻ പാൻഇന്ത്യൻ സൂപ്പർ പദവിയിലുമെത്തി. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 19 ഫിലിം ഫെയർ പുരസ്കാരങ്ങൾ, സിനിമയിലെ സംഭാവനകൾക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷൺ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2016ൽ ഫ്രഞ്ച് സർക്കാർ കമലിനെ പ്രശസ്തമായ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു.

ഉലകനായകനെക്കുറിച്ച് നടൻ മധു പറഞ്ഞത്

ഞാൻ നായകനായ മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേള. ഞാൻ തന്നെയാണ് സംവിധായകനും നിർമ്മാതാവും. മാർത്താണ്ഡൻ തമ്പി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കൈനിക്കര കുമാരപിള്ളയുടേതായിരുന്നു തിരക്കഥ. സിനിമയുടെ ക്ലൈമാക്സിനടുത്തുള്ള പാട്ടിൽ എന്റെ നൃത്തമുണ്ട്. എന്റെ ശരീരം അതിനു വഴങ്ങുമോ എന്ന ടെൻഷൻ എനിക്ക് നന്നായിട്ടുണ്ട്.

തങ്കപ്പൻ മാസ്റ്ററാണ് ഡാൻസ് മാസ്റ്റർ. കൂടയൊരു പയ്യനുമുണ്ട്. തങ്കപ്പൻ മാസ്റ്റർ എനിക്ക് ചില സ്റ്റെപ്പുകളൊക്കെ പറഞ്ഞു തന്നു. എനിക്കങ്ങോട്ടു ശരിയാകുന്നില്ല. അപ്പോഴാണ് കൂടെവന്ന സ്മാർട്ട് ബോയ് 'സാർ ഇതുപോലെ ചെയ്യൂ' എന്നു പറഞ്ഞ് എന്നെ ഡാൻസ് പഠിപ്പിച്ചത്. അവൻ പറഞ്ഞത് ഞാൻ അനുസരിച്ചു. പിന്നെ ധൈര്യത്തോടെ ക്യാമറയ്ക്കു മുന്നിലെത്തി ചുവടുകൾ വച്ചു. എന്നെ ഡാൻസ് പഠിപ്പിച്ച ആ കൗമാരക്കാരനാണ് പിന്നീട് ഉലക നായകനായ കമലഹാസൻ.

ബാലതാരമായി അഭിനയിച്ചശേഷം പിന്നീട് അഭിനയരംഗത്ത് കമൽ സജീവമാകും മുമ്പായിരുന്നു കോറിയോഗ്രാഫറുടെ വേഷം. 1974ലാണ് സിനിമ റിലീസ് ചെയ്തത്. കമലഹാസൻ അക്കാലത്ത് എം.ജി.ആർ, ജയലളിത തുടങ്ങിയവരുടെ അസിസ്റ്റന്റ് ഡാൻസ് ഡയറക്ടറായും പ്രവർത്തിച്ചുവെന്ന് പിന്നീടറിഞ്ഞു. ആള് നിസാരക്കാരനല്ലെന്ന് അന്നേ തോന്നിയിരുന്നു. ചെയ്യുന്ന ജോലി അത്രമേൽ ആത്മാർത്ഥതയോടെയാണ് ചെയ്തിരുന്നത്. എന്റെയൊപ്പം ഈറ്റ ഉൾപ്പെടെ മൂന്നുനാലു സിനിമകളിൽ അഭിനയിച്ചു. ഈറ്റയിൽ കമലിന്റെ അച്ഛന്റെ വേഷമായിരുന്നു എനിക്ക്.

വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു എന്നോടു പെരുമാറിയിരുന്നത്. രാജ്യം അറിയപ്പെടുന്ന നടനായപ്പോഴും വിനയം സൂക്ഷിച്ചു. അഭിനയിച്ച വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. നമ്മൾ തമ്മിൽ കണ്ടിട്ട് 7 വർഷമായി. പ്രതിഭ കൊണ്ടു മാത്രമായിരുന്നില്ല, പ്രയത്നം കൊണ്ടു കൂടിയായിരുന്നു കമൽ താരമായി വളർന്നത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുമായിരുന്നു. ഇന്നത്തെ പോലെ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു കമൽ തന്റെ ശരീരത്തെ കഥാപാത്രത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരുന്നത്. അഭിനയത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകൾ പറിച്ചെറിയാൻ മടിയില്ലാത്ത സാഹസികനെ ഞാൻ കൗതുകത്തോടെയാണ് കണ്ടിരുന്നത്.

kamal-hassan

സാഗരസംഗമത്തിലെ ക്ലാസിക്കൽ ഡാൻസർ, നായകൻ എന്ന ചിത്രത്തിൽ വേലുനായ്ക്കൻ, അപൂർവ സഹോദരങ്ങളിലെ അപ്പു, ഇന്ത്യനിലെ സേനാപതിയും അവ്വൈഷൺമുഖിയിലെ മൈലാപ്പൂർ മാമി... ഇങ്ങനെ പറഞ്ഞു പോയാൽ അവസാനിക്കില്ല കമൽ തീർത്ത അത്ഭുതങ്ങൾ.

മലയാളത്തോട് അതിരുകവിഞ്ഞ സ്നേഹം

ഏതു കഥാപാത്രമായാലും അതിലെല്ലാം തന്റേതായ കൈയൊപ്പു പതിയണമെന്ന് ആഗ്രഹിച്ച കലാകാരൻ. ദശാവതാരത്തിൽ പത്തു വേഷങ്ങൾ. ഇതൊക്കെ മറ്റേത് നടന് സാധിക്കും. ഞാൻ കണ്ട അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒന്നും മോശമായി തോന്നിയിട്ടില്ല. കമലഹാസന് മലയാളത്തിനോടും കേരളത്തിനോടും ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. അതദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികൾക്കും അതുപോലെ തന്നെ. തമിഴ്നടനായിട്ടല്ല, നമ്മുടെ സ്വന്തമായിട്ടാണ് കമലിനെ കണ്ടിട്ടുള്ളത്.

65 വർഷത്തെ അഭിനയ ജീവിതമുള്ള വേറൊരു നടൻ ലോകത്തില്ലെന്നാണ് എന്റെ അറിവ്. രാഷ്ട്രീയ പാർട്ടി കമലഹാസൻ രൂപീകരിക്കേണ്ടതുണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. ആ സമയം സിനിമയ്ക്കു വേണ്ടിയും കലയ്ക്കു വേണ്ടിയും ചെലവഴിക്കാമായിരുന്നു. കാരണം കമലഹാസൻ എന്ന പ്രതിഭാശാലിയിൽ നിന്നും ഈ നാട് ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിനു മുന്നിൽ കാലം ഇനിയുമുണ്ട്.

TAGS: ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.