വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുന്ന അതിഗംഭീര തിരിച്ചു വരവാണ് റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന പ്രതീക്ഷ നിരവധി ഇന്ത്യക്കാർക്കുണ്ടായിരുന്നു.
ജയിച്ചത് ട്രംപ് ആണെങ്കിലും ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ വകയുണ്ട്. സെക്കൻഡ് ലേഡിയായി എത്തുന്നത് ഇന്ത്യൻ വംശജയാണ്. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പത്നിയെയാണ് സെക്കൻഡ് ലേഡി എന്നുപറയുന്നത്.
വൈസ് പ്രസിഡന്റായി 40കാരൻ ജെയിംസ് ഡേവിഡ് വാൻസിന്റെ പേര് ട്രംപ് തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉഷ ചിലുകാരിയുടെ പേരും പരാമർശിക്കുകയുണ്ടായി.ഒഹായോയിൽ നിന്നുള്ള സെനറ്ററാണ് വാൻസ്. യു എസിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റുമാരിൽ മൂന്നാമനാണ് ജെ.ഡി. വാൻസ്.
ഒരു കാലത്ത് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു ജെ ഡി വാൻസ്. ഒരിക്കൽ അദ്ദേഹത്തെ അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്തു. എന്നാൽ പിന്നീട് വിമർശനം ആരാധനയിലേക്ക് വഴി മാറി. അദ്ദേഹത്തിന്റെ ഭാര്യ ഉഷ ചിലുകുരി ഇന്ത്യൻ വംശജയാണ്.
ആരാണ് ഉഷ ചിലുകാരി?
ആന്ധ്രപ്രദേശിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ് ഉഷയുടെ മാതാപിതാക്കൾ. കാലിഫോർണിയയിലെ സാൻഡിയാഗോയിലാണ് ഉഷ ജനിച്ചതും വളർന്നതും. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും നേടി. യേൽ ലോ സ്കൂളിലാണ് വാൻസിനെ ഉഷ പരിചയപ്പെട്ടത്.
നിയമ ബിരുദം നേടിയതിന് പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം. ഇവാൻ, വിവേക്, മിറാബെൽ എന്നിവരാണ് മക്കൾ. മുപ്പത്തിയെട്ടുകാരിയായ ഉഷ വാൻസ് തന്റെ ഭർത്താവിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ്.
2016ൽ പുറത്തിറങ്ങിയ ജെ. ഡി വാൻസിന്റെ 'ഹില്ലിബിൽ' എന്ന പുസ്തകത്തിൽ 'യേൽ സ്പിരിറ്റ് ഗൈഡ്' എന്നാണ് അദ്ദേഹം ഭാര്യയെ വിശേഷിപ്പിച്ചിരുന്നത്. തനിക്കറിയാതെ പോയ പല കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ഉഷ പ്രചോദനമായിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ വാൻസ് പറഞ്ഞിരുന്നു.
വ്യത്യസ്ത വിശ്വാസങ്ങളുള്ള ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ഉഷ വാൻസ് സംസാരിച്ചു. 'ഞാൻ മതപരമായ ഒരു കുടുംബത്തിലാണ് വളർന്നത്. എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്, അത് അവരെ നല്ല മാതാപിതാക്കളാക്കിയ ഒരു കാര്യമാണ്, അത് അവരെ വളരെ നല്ല വ്യക്തികളാക്കുന്നു. ജെഡി എന്തോ തിരയുകയാണെന്ന് എനിക്കറിയാമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ശരികളാണ്.' എന്നാണ് ഉഷ മുമ്പ് പറഞ്ഞത്.
ആന്ധ്രയിലും ആഘോഷം
തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉഷയുടെ ജന്മനാടായ ആന്ധ്രാപ്രദേശ്, ഗോദാവരി ജില്ലയിലെ വഡ്‌ലൂർ ഗ്രാമത്തിൽ നിന്നുള്ള ജെ ഡി വാൻസിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരുന്നു. ട്രംപ് പ്രസിഡന്റായാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ഇരുവരും (ട്രംപും കമലാ ഹാരിസും) തമ്മിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. ഉഷ വാൻസ് വഡ്‌ലൂർ സ്വദേശിയാണെന്നതിൽ ഞങ്ങൾക്ക് പൊതുവെ അഭിമാനം തോന്നുന്നു,' - എന്നായിരുന്നു ഒരു ഗ്രാമവാസി പറഞ്ഞത്. ട്രംപ് വിജയിച്ചതിന് പിന്നാലെ അവിടെ ആഘോഷവും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |