നെടുമ്പാശേരി: പൊതുമരാമത്ത് വകുപ്പ് 11 കോടി രൂപ മുടക്കി പുനർനിർമ്മാണം നടത്തിയിട്ടും അത്താണി - എളവൂർ റോഡിലെ വട്ടപ്പറമ്പ് സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഏറെ തിരക്കുള്ള വട്ടപ്പറമ്പ് കവലക്ക് സമീപം നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷം.
വശങ്ങളിൽ കോൺക്രീറ്റ് ചെയ്തതിലെ അപാകതയാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കോൺക്രീറ്റ് ചെയ്തപ്പോൾ തന്നെ അധികാരികളെ അപാകത ചൂണ്ടികാണിച്ചെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല. സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾ അടക്കം നിരവധി യാത്രക്കാർ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് നടുവിലൂടെ നടക്കുന്ന അവസ്ഥയാണ്. സമീപത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും മഴപെയ്യുമ്പോൾ വെള്ളക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ കെട്ടിക്കിടക്കന്ന വെള്ളം മലിനമായി ദുർഗന്ധം പരക്കുന്നതിനും കൊതുകുകൾ പെരുകുന്നതിനും ഇടയാകുന്നു.
നിർമ്മാണത്തിലെ അപാകത പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |