ആറ്റിങ്ങൽ: പട്ടാപ്പകൽ വീടിന്റെ കതക് പകുതി അറുത്തു മാറ്റി 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്നു. ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻകോവിലിനു സമീപം ദില്ലിൽ റിട്ട. എ.ടി.ഒ പത്മനാഭ റാവുവിന്റെ വീട്ടിലാണ് മോഷണം. രാവിലെ എട്ടരയോടെ പത്മനാഭ റാവുവും കുടുംബവും തിരുവനന്തപുരത്ത് ഒരു ചടങ്ങിന് പോയി വൈകിട്ട് അഞ്ചരയോടെ വീട്ടിൽ തീരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ ചിത്രപ്പണിയുള്ള കതകിന്റെ പകുതി അറുത്ത് മാറ്റിയ നിലയിലായിരുന്നു. പൂട്ട് തകർത്തിട്ടുണ്ടായില്ല. അകത്ത് കയറിയ മോഷ്ടാവ് കിടക്കമുറിയിൽ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടിച്ചത്. അലമാരയിൽ തന്നെ താക്കോൽ സൂക്ഷിച്ചിരുന്നതിനാൽ മോഷ്ടാവിന് കാര്യങ്ങൾ എളുപ്പമായി. അടുത്തിടെ ഒരു വിവാഹത്തിന് അണിയാനായി ലോക്കറിൽ നിന്നെടുത്ത സ്വർണ, വജ്ര, ഡയമണ്ട് അഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. പത്മനാഭറാവു ഉൾപ്പെട്ട സമാജത്തിന്റെ ആവശ്യത്തിന് കരുതിയ പണമടക്കം ഒരു ലക്ഷത്തിലധികം രൂപയാണ് ഇതോടൊപ്പം നഷ്ടപ്പെട്ടത്. പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. പൊലീസ് സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |