അമ്മാവനെ വിവാഹം കഴിച്ച യു.കെ സ്വദേശിയായി യുവതിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. 2021 ഏപ്രിലിൽ പാകിസ്ഥാൻ സന്ദർശിക്കവെയാണ് 30കാരി തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാൻ നിർബന്ധിതയായത്. പാകിസ്ഥാനിൽ നിന്ന് യു.കെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമതടസം നീക്കുന്നതിനായാണ് അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാൻ നിർബന്ധിതയായതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹത്തിന് ശേഷം ഒരുമാസത്തോളം ഭർത്താവിന്റെ വീട്ടിൽ യുവതി താമസിക്കുകയും ചെയ്തു, ഇതിനിടെ യുവതി ഗർഭിണിയുമായി.
പ്രസവത്തിനായി യുവതി യു.കെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവൻ പാകിസ്ഥാനിൽ തുടർന്നു. ഇതിനിടെ അയൽവാസികൾ ഇരുവർക്കുമെതിരെ മതകോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശരീഅത്ത് കോടതി ഇവർക്കെതിരെ വ്യഭിചാര കുറ്റം ചുമത്തിയത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു, യു.കെയിലേക്ക് പോകുന്നതിനുള്ള രേഖകൾ സമ്പാദിക്കുന്നതിനായാണ് അമ്മാവനെ വിവാഹം കഴിക്കാൻ നിർബന്ധിതയായതെന്ന് യുവതി ആരോപിച്ചു. പിന്നീട് വീഡിയോ യുവതി നീക്കം ചെയ്തിരുന്നു. ഇംഗ്ലണ്ടിലെത്താൻ അദ്ദേഹത്തെ സഹായിച്ചാൽ ഒരു കാറും പണവും വീടും നൽകുമെന്നും വാഗ്ദാനം ലഭിച്ചതായി യുവതി പറയുന്നു.
ശരീഅത്ത് നിയമപ്രകാരം വ്യഭിചാര കുറ്റം ചുമത്തിയാൽ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് നിയമം. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെ അമ്മാവൻ ഒളിവിൽ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |