കോഴിക്കോട്: രാജ്യത്തെ ആദ്യ വനിതാപൊലീസ് സ്റ്റേഷൻ 51 വയസ് പിന്നിടുമ്പോഴും ശൈശവ ദശയിൽ. രണ്ട് എസ്.ഐമാർ വേണ്ടിടത്ത് ഒരാൾ, 23 സീനിയർ സിവിൽ പൊലീസ് ഓഫീസർ വേണ്ടിടത്ത് 14 പേർ. പൊളിച്ചുവിൽക്കാറായ പൊലീസ് ജീപ്പ്. രാത്രിയും പകലും തൊഴിലെടുത്ത് തളരുന്ന വനിതാ പൊലീസുകാർക്ക് ദുരിത ജീവിതം.
സ്ത്രീകൾക്ക് മാത്രമായൊരു പൊലീസ് സ്റ്റേഷൻ വേണമെന്ന നിർദ്ദേശം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതാണ്. 1973 ഒക്‌ടോബർ 27ന് അത് കോഴിക്കോട് യാഥാർത്ഥ്യമായി. ഉദ്ഘാടനത്തിന് ഇന്ദിരാഗാന്ധിയും അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ.കരുണാകരനുമെത്തി. നിലവിൽ കേരളത്തിൽ പുതുതായി വന്നത് നാല് വനിതാസ്റ്റേഷനുകൾ. അവിടേയും കാര്യങ്ങൾ കോഴിക്കോടിന് സമാനം.
പരാതിക്കാരും പ്രതികളും സ്ത്രീകളാകുന്ന കേസിൽ സവിശേഷ ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു തുടക്കം. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനോട് ചേർന്ന് ചെറിയ മുറിയിൽ പ്രവർത്തനം തുടങ്ങിയ സ്‌റ്റേഷൻ 1997ലാണ് പാവമണി റോഡിൽ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് പിറകുവശത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്റ്റേഷന്റെ അരനൂറ്റാണ്ട് വലിയ അഘോഷങ്ങളോടെ ഒരു വർഷം നടത്തണമെന്ന് തീരുമാനിച്ചെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് മുടങ്ങി. തിരുവനന്തപുരം സ്വദേശി പത്മിനി അമ്മയായിരുന്നു ആദ്യ എസ്.ഐ. മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരും 12 കോൺസ്റ്റബിൾമാരും അന്നുണ്ടായിരുന്നു.
സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ മാത്രമാണ് തുടക്കത്തിൽ സ്വീകരിച്ചിരുന്നത്.
ദൈനംദിന ജോലികൾക്കു പുറമെ ഇപ്പോൾ നഗരത്തിലെ പരിപാടികൾക്ക് അകമ്പടി പോകുന്നതും ജില്ലാ ജയിലിലെ തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന് സുരക്ഷയൊരുക്കലും പട്രോളിംഗുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |