ഇത്തവണ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ വേദികളിൽ താരമായത് ഭാര്യ മെലാനിയയോ മകൾ ഇവാൻകയോ അല്ല. മകൻ എറികിന്റെ ഭാര്യ ലാറ ട്രംപാണ് (42). ട്രംപിന്റെ പുതിയ 'വലംകൈ" ആയ ലാറയ്ക്ക് സുപ്രധാന ചുമതലകൾ ലഭിക്കും. റിപ്പബ്ലിക്കൻ പാർട്ടിയുടെ നാഷണൽ കമ്മിറ്റി ഉപാദ്ധ്യക്ഷയാണ് ലാറ. ജൂലായിൽ ട്രംപിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നാഷണൽ കൺവെൻഷൻ മുതൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് നടത്തിയ പരിപാടിയിൽ വരെ ലാറ സജീവമായിരുന്നു. മുൻ ടെലിവിഷൻ പ്രൊഡ്യൂസറാണ് ലാറ. ഫോക്സ് ന്യൂസിലും ജോലി ചെയ്തു. പ്രചാരണത്തിനിടെ സ്ത്രീ വോട്ടർമാരെ അണിനിരത്തുന്നതിൽ ലാറ പ്രത്യേക ശ്രദ്ധ ചെലുത്തി.
സജീവമാകാതെ ഇവാൻക
ട്രംപിന്റെ ഒന്നാം ടേമിൽ മകൾ ഇവാൻക (43) ആയിരുന്നു താരം. ഭർത്താവ് ജറേഡ് കുഷ്‌നർക്കൊപ്പം ട്രംപിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ഇവാൻക സാമ്പത്തിക സംരംഭ ഓഫീസിന്റെ ഡയറക്ടറുമായി. ഇവാൻകയാണ് പ്രഥമ വനിതയുടെ പല ചുമതലകളും ഏറ്റെടുത്തത്. ഇതിൽ ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് അമർഷമുണ്ടായിരുന്നു. എന്നാൽ ഇത്തവണ പ്രചാരണ വേദികളിൽ ഇവാൻകയെ കണ്ടില്ല. എന്നാൽ ട്രംപിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി. ലാറയ്ക്കായി ഇവാൻക പ്രചാരണങ്ങളിൽ നിന്ന് വഴിമാറിയതാണെന്നും പറയുന്നു. ട്രംപിന് ആദ്യ ഭാര്യ ഇവാനയിലുള്ള മകളാണ് ഇവാൻക.
മുഴുനീള ഡ്യൂട്ടിക്കില്ലെന്ന് മെലാനിയ
പൊതുവേ സ്വകാര്യത സൂക്ഷിക്കുന്നയാളാണ് ട്രംപിന്റെ ഭാര്യ മെലാനിയ. ജനങ്ങളുമായി അത്ര ഇടപെടുന്നില്ലെന്ന വിമർശനം ട്രംപിന്റെ ആദ്യ ടേമിൽ മെലാനിയ നേരിട്ടിരുന്നു. ഇത്തവണ പ്രചാരണത്തിൽ സജീവമല്ലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ അവർ വേദികളിലെത്തി. അതേസമയം, ട്രംപ് വീണ്ടും വൈറ്റ്ഹൗസിലെത്തുമ്പോൾ പ്രഥമ വനിതയുടെ ഡ്യൂട്ടി മെലാനിയ പൂർണമായും ഏറ്റെടുത്തേക്കില്ലെന്നാണ് വിവരം. മകൻ ബാരൺ ട്രംപിന്റെ പഠനകാര്യങ്ങൾ ശ്രദ്ധിക്കാൻ വേണ്ടിയാണത്രെ തീരുമാനം. ട്രംപിന്റെ മൂന്നാം ഭാര്യയാണ് 54കാരിയായ മെലാനിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |