തിരുവനന്തപുരം: യൂട്യൂബർമാർ നിറഞ്ഞ ഒരു കാലഘട്ടമാണിത്. പല ചലഞ്ചുകളുമായി ഇവർ പൊതു സ്ഥലങ്ങൾ എത്തുന്നതും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതും പതിവ് കാഴ്ചയാണ്. അത്തരമൊരു ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'അബ്‌താർ വ്ലോഗ്' എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിവിട്ടിരിക്കുന്നത്.
'ചലഞ്ച് കൊടുക്കുമ്പോൾ സ്കൂൾ ടീച്ചർ വന്ന് സീൻ ആക്കി' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ നാരങ്ങ ചവച്ചിറക്കി കഴിക്കണം. അങ്ങനെ കഴിച്ചാൽ അൻപത് രൂപ സമ്മാനം. ഇതായിരുന്നു ചലഞ്ച്. വഴിയിൽ കണ്ട പലരോടും ചലഞ്ചിന് തയ്യാറാണോയെന്ന് യൂട്യൂബർ ചോദിക്കുന്നുണ്ട്. അതിൽ പലരും ചലഞ്ച് ചെയ്യുന്നു. ഇതിനിടെ തട്ടമിട്ട കുറച്ച് സ്കൂൾ കുട്ടികളുടെ അടുത്ത് യൂട്യൂബർ എത്തുന്നു. ചലഞ്ചിന് റെഡിയായി അതിൽ ഒരു പെൺകുട്ടി നാരങ്ങ വാങ്ങി. എന്നാൽ ഇത് കണ്ട് വന്ന അദ്ധ്യാപിക അതിനെ എതിർക്കുന്നു.
'ഇതെന്താ ഇവിടെ പരിപാടി' എന്നാണ് ആദ്യം അദ്ധ്യാപിക ചോദിക്കുന്നത്. യൂട്യൂബ് ചാനൽ പരിപാടിയാണെന്ന് യൂട്യൂബർ മറുപടി പറയുന്നു. എന്നാൽ ഇത് കേട്ടശേഷം അദ്ധ്യാപിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'യൂട്യൂബ് ചാനലോ? വേറെല്ലാം നിങ്ങൾക്ക് എന്തേലും ഹറാമും അങ്ങനെയല്ലേ, നേരെ വീട്ടിൽ പോയേ വിട്ടേ, വിട്ടേ',- എന്നാണ് അദ്ധ്യാപിക പറയുന്നത്.
പിന്നാലെ വാങ്ങിയ നാരങ്ങ തിരികെ കൊടുത്ത ശേഷം കുട്ടികൾ പോകുന്നു. സ്ഥലമേതാണെന്നോ ഏതു സ്കൂളിലെ വിദ്യാർത്ഥികളാണെന്നോ വ്യക്തമല്ല. അദ്ധ്യാപികയുടെ മുഖവും വീഡിയോയിൽ കാണിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അദ്ധ്യാപികയ്‌ക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
'ടീച്ചർ നല്ല ഉദ്ദേശത്തോടെ പറഞ്ഞതെങ്കിലും അത് പറഞ്ഞ രീതി ശരിയായില്ല', 'അവരോട് വീട്ടിൽ പോവാം പറയാം അത് നല്ല കാര്യം, അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട്. എന്നാൽ അതിന്റെ ഇടയിൽ മതത്തെ പറയേണ്ടേ ആവിശ്യം എന്ത്? ഒരു കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ അത്','ഈ ടീച്ചർ വീട്ടിൽ പോകാൻ മാത്രമാണ് പറഞ്ഞതെങ്കിൽ ഇവരെ സപ്പോർട്ട് ചെയ്തേനെ. പക്ഷെ, “നിങ്ങൾക് ഇതെല്ലാം ഹറാമല്ലേ " എന്ന് ഇവർ എന്തിനാണ് പറഞ്ഞത്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |