റിയാദ്: ഉമ്മയെ ജയിലിൽ വച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം.
'എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും എന്റെ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. 18 വർഷമായി ഞാൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വച്ച് ജയിൽ യൂണിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എന്റെ നിലവിലെ രൂപം കണ്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18വർഷം മുൻപ് സൗദിയിൽ വന്ന എന്റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ. എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജയിലിൽ കണ്ടാൽ അത് ഉമ്മയ്ക്കും എനിക്കും താങ്ങാവുന്നതിലപ്പുറമാണ്',- റഹീം പറഞ്ഞു.
റഹീമിന്റെ കേസ് അടുത്ത 17നാണ് കോടതി വീണ്ടും പരിഗണിക്കുക. റിയാദിൽ നിയമസഹായസമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് റഹീമിനെ കാണാൻ ഉമ്മയെത്തിയത്. എന്നാൽ റഹീം കാണാൻ തയ്യാറായില്ല. ഉമ്മയ്‌ക്കൊപ്പം സഹോദരനടക്കമുള്ള ബന്ധുക്കളുമുണ്ടായിരുന്നു. ഗവർണറുടെ അനുമതിയോടെയാണ് ഇവർ ജയിലിലെത്തിയത്. മകൻ കാണണ്ട എന്ന് പറഞ്ഞതോടെ അവർ പൊട്ടിക്കരഞ്ഞു. ഇതോടെ ജയിൽ അധികൃതർ വീഡിയോ കോൺഫറൻസ് വഴി കാണിക്കാൻ ശ്രമിച്ചു. എന്നാൽ ഉമ്മയെ കാണാൻ റഹീം തയ്യാറായില്ല.
'ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും എന്റെ കുട്ടി കാണണ്ടാന്നുപറഞ്ഞു. ആരോ എന്റെ മോനിക്ക് തോന്നിച്ചുകൊടുത്തതാണ്. അല്ലാതെ എന്റെ മോൻ ഒരിക്കലും അങ്ങനെ പറയില്ല. അത്രയും സ്‌നേഹത്തിൽ ഫോണിലൊക്കെ സംസാരിച്ചതാണ്. പിന്നെ ഇപ്പോൾ എന്താ കാണണ്ടാന്ന് പറഞ്ഞെ, ആരോ ഉപദേശിച്ചിട്ടുണ്ടാകും. അല്ലാണ്ട് ഒരിക്കലും ഇങ്ങനെ വരില്ല. ഓൻ അങ്ങനെ ഉപേക്ഷിക്കുന്ന മോനല്ല. കാണണ്ട, ങ്ങള് പോയിക്കോളീ എന്നാ പറഞ്ഞെ. കള്ളന്മാരുമായിട്ടാണ് ങ്ങള് വന്നത്, അതുകൊണ്ട് ഞാനങ്ങോട്ട് വരൂല, ങ്ങള് പോയിക്കോളീ, നാട്ടിലേക്ക് വന്നിട്ട് കാണാമെന്ന് പറഞ്ഞു.'- അബ്ദു റഹീമിന്റെ ഉമ്മ ഒരു ചാനലിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |